“കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ കുടുക്കിയ വ്യാജ ലഹരിക്കേസിന്റെ പിന്നിലുള്ളയാളെ കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്തായ തൃപ്പൂണിത്തുറ എരൂർ സ്വദേശി നാരായണ ദാസാണ് എക്സൈസിന് വ്യാജ വിവരം നൽകിയത്.കേസിൽ നാരായണ ദാസിനെ പ്രതിചേർത്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇയാൾക്ക് അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്. വ്യാജവിവരം കൈമാറുന്നതും ലഹരിവസ്തുക്കൾ ഒളിപ്പിച്ച് നിരപരാധികളെ പിടിപ്പിക്കുന്നതും മയക്കുമരുന്ന് കൈവശംവയ്ക്കുന്നതിന് സമാനമായ കുറ്റമാണ്.വ്യാജലഹരിക്കേസിൽ 72 ദിവസമാണ് ഷീല ജയിലിൽ കിടന്നത്.സി.വി ബിൽഡിംഗിന് എതിർഭാഗത്ത് പ്രവർത്തിക്കുന്ന ഷീ സ്‌റ്റൈൽ ബ്യൂട്ടി പാർലർ ഉടമയാണ് ഷീല. ഇരിങ്ങാലക്കുട സർക്കിൾ ഓഫിസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ കെ. സതീശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബാഗിൽ നിന്ന് മാരക മയക്കുമരുന്നായ സിന്തറ്റിക്ക് സ്റ്റാമ്പ് കണ്ടെത്തിയിരുന്നു.
വാട്‌സാപ്പ് കോളിലൂടെ ഷീലയുടെ പക്കൽ സ്റ്റാമ്പുണ്ടെന്ന് ഇരിങ്ങാലക്കുട എക്‌സൈസ് സി.ഐയ്ക്ക് വിവരം നൽകിയത് നാരായണ ദാസാണ്. സതീഷെന്നായിരുന്നു ഇയാൾ പരിചയപ്പെടുത്തിയത്. ഷീലയുടെ ബാഗിലോ വണ്ടിയിലോ സ്റ്റാമ്പുണ്ടാകുമെന്നും വൈകിട്ട് നാലരയ്ക്കുള്ളിൽ ചെന്നാൽ പിടിക്കാമെന്നുമായിരുന്നു പറഞ്ഞത്. സംഭവത്തിന് പിന്നിൽ അടുത്ത ബന്ധുവാണെന്ന സംശയമുണ്ടെന്ന് ഷീല പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷീല നിരപരാധിയാണെന്ന് കണ്ടെത്തിയിരുന്നു.”