
കാസര്‍കോട്:അനന്തപുരത്തെ കിന്‍ഫ്രാപാര്‍ക്കില്‍ വാട്ടര്‍ കംപ്രഷന്‍ മെഷീന്‍ നന്നാക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്പളയിലെ ചിക്കന്‍ പ്രോട്ടീന്‍ മില്ലിലെ തൊഴിലാളിയായ സുജിത്ത് കുമാര്‍ (32) ആണ് മരിച്ചത്. ഒറീസ, കന്തമാന്‍ സ്വദേശിയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നരമണിയോടെയാണ് അപകടം. പുലര്‍ച്ചെ ജോലി കഴിഞ്ഞ ശേഷം യന്ത്രഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ ആയിരുന്നു അപകടം. തകരാറിലായിരുന്ന വാട്ടര്‍ കംപ്രഷന്‍ മെഷീന്‍ നന്നാക്കുമ്പോൾ ഷോക്കേല്‍ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ആറുമാസം മുമ്പാണ് സുജിത് കുമാര്‍ കിന്‍ഫ്രാ പാര്‍ക്കില്‍ ജോലിക്കെത്തിയത്.