കാഞ്ഞങ്ങാട്: വൈ എം സി എ കേരള റീജിയന്‍ തിരുവനന്തപുരത്തേക്ക് നടത്തുന്ന സപ്തതി സന്ദേശ സമാധാനയാത്ര ഒക്ടോബര്‍ 20 ന് കാഞ്ഞങ്ങാട്ടുനിന്നും ആരംഭിക്കും. രാവിലെ 10 മണിക്ക് ഹോസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാനും നാഷണല്‍ വൈ എം സി എയുടെ മുന്‍ ചെയര്‍മാനും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് ജെ.ബി.കോശി സമാധാന സന്ദേശയാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിക്കും. ചടങ്ങില്‍ വൈ എം സി എ കേരള റീജിയന്‍ ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍ അധ്യക്ഷം വഹിക്കും. തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തിപടവില്‍ അനുഗ്രഹപ്രഭാഷണം നടത്തും.
കേരളത്തില്‍ വന്യമൃഗങ്ങളുടെ ശല്ല്യം മൂലം കൃഷി നാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ യഥാസമയം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാരിന് 1 ലക്ഷം ആളുകള്‍ ഒപ്പിട്ട് സമര്‍പ്പിക്കുന്ന നിവേദനത്തിനുള്ള ഒപ്പ് ശേഖരണത്തിന്‍റെ ഉദ്ഘാടനവും കാലാവധി കഴിഞ്ഞ മുല്ലപെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്നും പുതിയ ഡാം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന ഭീമഹരജിയുടെ ഒപ്പുശേഖരണവും മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തിപടവില്‍ ഉദ്ഘാടനം ചെയ്യും.
1844 ല്‍ ലണ്ടനില്‍ രൂപംകൊണ്ട വൈ എം സി എയുടെ ശാഖകള്‍ 1873 മുതല്‍ കേരളത്തിന്‍റെ പലഭാഗങ്ങളിലും സ്ഥാപിതമായി. 1954 ല്‍ കേരളത്തിലെ മുഴുവന്‍ വൈ എം സി എകളേയും ഉള്‍പ്പെടുത്തി കേരളാറീജിയന്‍ നിലവില്‍വന്നു. കേരള റീജിയന്‍റെ എഴുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ‘സംഘര്‍ഷങ്ങള്‍ക്ക് വിട സമാധാനം പുലരട്ടെ’ എന്ന സന്ദേശവുമായി സപ്തതി സന്ദേശ സമാധാനയാത്ര നടത്തുന്നത്. 610 വൈ എം സി എകളും 22 സബ് റീജിയനുകളുമാണ് കേരളാറീജിയനിലുള്ളത്. ഉരുള്‍പൊട്ടല്‍മൂലം വന്‍നാശനഷ്ടവും ആള്‍നാശവും ഉണ്ടായ വയനാട്ടിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടും വൈ എം സി എ 25 ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. വൃക്ക രോഗികള്‍ക്ക് സാന്ത്വനം നല്‍കുവാനായി 1 ലക്ഷം ഡയാലിസിസ് പദ്ധതിയുടെ ഭാഗമായി 50,000 ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്യും. കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന സമാധാനയാത്രയെ ഒക്ടോബര്‍ 28 ന് തിരുവനന്തപുരത്ത് ശശി തരൂര്‍ എം പി അഭിസംബോധന ചെയ്യും. നവംബര്‍ 3 ന് യാത്ര ആലുവ തോട്ടുമുഖം വൈ എം സി എയില്‍ സമാപിക്കും.
സമാപനസമ്മേളനം കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍തട്ടില്‍ മുഖ്യാതിഥിയായിരിക്കും.