ജില്ലാആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിക്ക് തൊട്ടടുത്തുതന്നെ ഉണ്ടായിരുന്ന ക്ലിനിക്കിലെ ഡോക്ടറും ജീവനക്കാരും രക്ഷകരായി.
കരിന്തളത്തെ യുവതിയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകും വഴി ചോയ്യംങ്കോട് കിണാവൂരിൽ വെച്ച് ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.പ്രസവവേദന കലശലായപ്പോൾ
ഭര്‍ത്താവും ബന്ധുക്കളും പരിഭ്രമിച്ചു. ഉടൻ തന്നെ കിണാവൂര്‍ റോഡിലെ ഹെല്‍ത്ത് കെയര്‍ ക്ലിനിക്കിലേക്ക് ഓട്ടോറിക്ഷ വിട്ടു. ഓട്ടോറിക്ഷയിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു യുവതി ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആതിര ബെന്നിയും സ്റ്റാഫ് നഴ്സ് പ്രസന്നയും ഓടിയെത്തി അപ്പോഴേക്കും പ്രസവം ആരംഭിച്ചിരുന്നു. പിന്നീട് ഡോക്ടറുടെയും നേഴ്സിന്റെയുംപരിചരണത്തിൽ പെൺകുഞ്ഞ് ജന്മം നൽകുകയും ചെയ്തു. പ്രസവ ശുശ്രൂഷ സൗകര്യം ഇല്ലാത്ത ക്ലിനിക്കിൽ അടിയന്തിര സാഹചര്യം ഒരുക്കി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. അമ്മയും കുഞ്ഞും ജില്ലാ ആശുപത്രിയില്‍ സുഖമായിരിക്കുന്നു. തക്ക സമയത്ത് പ്രഥമശുശ്രൂഷ നല്‍കിയതാണ് അമ്മക്കും കുഞ്ഞിനും രക്ഷയായതെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടർക്കും സ്റ്റാഫ് നേഴ്സിനും പുറമേ ജീവനക്കാരായ മഞ്ജിമ, നവ്യ, നിധീഷ് എന്നിവരും സഹായത്തിന് ഉണ്ടായിരുന്നു. യുവതിയുടെ രക്ഷയ്ക്കെത്തിയ ഹെൽത്ത് കെയർ ടീമിനെ ബന്ധുക്കളും നാട്ടുകാരും അഭിനന്ദിച്ചു.