കാഞ്ഞങ്ങാട് : കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടം. ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളുടെ വിവിധ സ്ഥലങ്ങളിൽ മാത്രമായി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
കരിന്തളം കൊല്ലമ്പാറയിൽ വീട് തകർന്നുവീണു വീട്ടമ്മക്ക് പരിക്കേറ്റു. തലയടുക്കത്തെ കുന്നുമ്മൽ രാഘവന്റെ വീടാണ് കാറ്റിൽ തകർന്നത്. ഭാര്യ കെ.വി. തമ്പായി (62) ക്ക് പരിക്കേറ്റു. പ്രാണരക്ഷാർത്ഥം പുറത്തേക്ക് ഓടുമ്പോഴാണ് വീണ് പരിക്കേറ്റത്. തെങ്ങ് കയറ്റ തൊഴിലാളിയായ രാഘവനും ഭാര്യയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു തമ്പായി രോഗബാധിതയാണ്. ഇ എം എസ് ഭവന പദ്ധതിയിൽ ലഭിച്ച വീടാണ് തകർന്നത്. ഇതോടെ ഇവർക്ക് താമസിക്കാൻ ഇടമില്ലാത്ത അവസ്ഥയായി . രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഹോസ്ദുർഗ് മിനി സിവിൽ സ്റ്റേഷൻ സമീപത്തെ കൂറ്റൻ ആൽമരം തിങ്കളാഴ്ച്ച രാവിലെ കടപുഴകി വീണു.
അജാനൂർ വില്ലേജിലെ പി എ ശ്രീധരന്റെ ഉടമസ്ഥതയിലുള്ള വീടിൻ്റെ പിറകുവശത്ത് ഇന്ന് രാവിലെ ഉണ്ടായ ശക്തമായ മഴയിൽ തെങ്ങ് കടപുഴകി വീണ് അടുക്കള ഭാഗം ഭാഗികമായി തകർന്നു. ഉദ്ദേശം ഇരുപതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
നീലേശ്വരം നഗരസഭയിലെ പതിനേഴാം വാർഡിൽ ചെമ്മാക്കരയിലെ വളപ്പിൽ നാരായണിയുടെ വീട് പൂർണ്ണമായും തകർന്നു. തെങ്ങ്, കവുങ്ങ്, മാവ് എന്നിവ പൊട്ടിവീണാണ് വീട്ടിന്റെ മുകൾ ഭാഗം പൂർണ്ണമായും തകർന്നത് . ഒരു ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. നീലേശ്വരം വില്ലേജ് ഓഫീസർ കെവി ബിജു, വാർഡ് കൗൺസിലർ പി കുഞ്ഞിരാമൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
പേരോൽ വട്ടപ്പൊയിൽ – പള്ളിക്കര റോഡിൽ കനത്ത കാറ്റിൽ വൻമരം പൊട്ടിവീണു. ഇതേ തുടർന്ന് ഇതുവഴി ഗതാഗത തടസ്സപെട്ടു. പൊട്ടിവീണ മരം വെട്ടിമാറ്റി നാട്ടുകാർ ഗതാഗത തടസ്സം നീക്കി.
മടിക്കൈ വില്ലേജ് ചാളക്കടവ് ഒറവിൽ വീട്ടിൽ സന്തോഷിന്റെ ഓടിട്ട വീടിൻ്റെ ഭാഗം കാറ്റിലും മഴയിലും തകർന്നു. ഏകദേശം 30000 രൂപ നഷ്ടം കണക്കാക്കുന്നു.
തെക്കേ തൃക്കരിപ്പൂർ വില്ലേജിൽ വയലോടിയിലെ മനോമോഹനന്റെ ഓട് മേഞ്ഞ വീട് തെങ്ങ് വീണും ക്ലായിക്കോട് വില്ലേജിൽ മുഴക്കോം ഉദയ ക്ലബിനു സമീപത്തെ സുരേന്ദ്രന്റെ വീടും തിമിരി വില്ലേജിൽ നൂഞ്ഞയിലെ ടി.വി. കൃഷണന്റെ വീടും എം.എൻ ചാലിൽ മീനാക്ഷിയുടെവീടും മരം വീണ് ഭാഗികമായി തകർന്നു.
ചെറുവത്തൂർ വില്ലേജിൽ മയിച്ചയിലെ പാറുവിന്റെ ഓടുമേഞ്ഞ വീടിനു മുകളിൽ തെങ്ങു കടപുഴകി വീണു അടുക്കള ഭാഗം തകർന്നു. മയ്യിച്ചയിലെ സതീശന്റെ വീടിനു മുകളിൽ തേക്കുമരം പൊട്ടിവീണും ശ്രീകണ്ഠന്റെ വീട് തെങ്ങ് പൊട്ടിവീണും ഭാഗീകമായി തകർന്നു. പേരോൽ വില്ലേജിലെ ചാത്തമത്ത് മനിയേരി മാധവന്റെ വീട് തെങ്ങു പൊട്ടിവീണു ഭാഗികമായി തകർന്നു.
കൊടക്കാട് വില്ലേജിലെ ആനിക്കാടിയിൽ പി. എം രാഘവന്റെ വീടിനു മുകളിൽ സമീപത്തുള്ള ജാതിമരം കടപുഴകി വീണ് പാരപ്പറ്റിന്റെ ഒരു ഭാഗം തകരുകയും ചുമരിൽ വിള്ളലുകൾ വീഴുകയും ചെയ്തു. നോർത്ത് തൃക്കരിപ്പൂർ വില്ലേജിൽ ഈയ്യക്കാട് വി. ജനാർദ്ദനന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീടിൻ്റെ മുൻവശത്തുള്ള ഷീറ്റിട്ട ഭാഗം പൂർണമായും തകർന്നു.
വലിയപറമ്പ് വില്ലേജിലെ കന്നുവീട് കടപ്പുറത്തെ എ ശരീഫയുടെ വീട് ഭാഗികമായി തകർന്നു.പേരോൽ വില്ലേജിലെ ഈസ്റ്റ് പേരോൽ ഫ്ലാബിയൻ ജോണിന്റെ വീട് തേക്കുമരം പൊട്ടിവീണും ചാത്തമത്ത് പ്രസാദിന്റെയും വട്ടപ്പൊയിൽ കൃഷ്ണന്റെയും വീടുകൾ മരം പൊട്ടി വീണും ഭാഗികമായി തകർന്നു. പാലായി നീലായ് വളവിൽ തെങ്ങ് കടപുഴകി വീണ് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ പൂർണമായും തകർന്നു.