പിലിക്കോട്: ഗുണമേന്മ വിദ്യാഭ്യാസം സംബന്ധിച്ച് കേരളത്തിൽ നടക്കുന്ന ചർച്ചകളുടെയും സംസ്ഥാന സർക്കാർ ഈ വർഷം മുതൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പരീക്ഷാ പരിഷ്കരണ നടപടികൾക്കുമെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി നേതൃത്വം നൽകുന്ന ‘തോൽപ്പിച്ചാൽ നിലവാരം കൂടുമോ ‘ എന്ന പേരിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ജാഥ വിജയിപ്പിക്കാൻ ഒരുക്കങ്ങൾ തുടങ്ങി. ‘ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശം ‘ എന്നതാണ് ജാഥയിലെ പ്രധാന മുദ്രാവാക്യം. നവമ്പർ 14 ന് കാസർകോട് നിന്നാരംഭിക്കുന്ന ജാഥ തീരദേശത്തും മലയോരത്തുമായി രണ്ടു ടീമായി പര്യടനം നടത്തി ഡിസംബർ 10 ന് തിരുവനന്തപുരത്ത് സമാപിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന വിദ്യാഭ്യാസ ലഘുലേഖകൾ ജാഥാ സ്വീകരണത്തിൻ്റെ വ്യാപകമായി പ്രചരിപ്പിക്കും.വായനശാലകളിലും മറ്റ് പൊതു ഇടങ്ങളിലും അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് വിഷയാടിസ്ഥാനത്തിൽ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നിബന്ധന ഏർപ്പെടുത്താൻ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനമാണ് പരിഷത്ത് ജാഥയിലൂടെ പ്രധാനമായും ചർച്ച ചെയ്യുന്നത്. ഈ വർഷം എട്ടാംക്ലാസിലും അടുത്തവർഷം ഒൻപതിലും അതിനടുത്ത വർഷം പത്തിലുമാണ് 30 ശതമാനം മാർക്ക് നിബന്ധന ബാധകമാക്കുന്നത്.
മിനിമം മാർക്കുവെച്ച് കുട്ടികളെ പരാജയപ്പെടുത്തുന്നത് ആധുനിക വിദ്യാഭ്യാസ കാഴ്ചപ്പാടിനനുകൂലമല്ലെന്നും വിദ്യാഭ്യാസ മേഖലയെ ജനകീയവും ശക്തവുമാക്കുകയാണ് വേണ്ടതെന്നും പരിഷത്ത് വാദിക്കുന്നു. പൊതുവിദ്യാഭ്യാസത്തിൽ ഗുണമുണ്ടാക്കാൻ സഹായിക്കുമെന്ന അവകാശവാദത്തോടെ എട്ടാം ക്ലാസിൽ 30 ശതമാനം കുട്ടികളെ ഇത്തവണ തോൽപിക്കാൻ ഉത്തരവിട്ടുകഴിഞ്ഞു. മറ്റു ക്ലാസുകളിൽ വരും വർഷങ്ങളിൽ നടപ്പാക്കും. ഇത്തരം വലിയമാറ്റങ്ങൾ വരുത്തുമ്പോൾ നടത്തേണ്ട പഠനങ്ങളോ ചർച്ചകളോ നടത്താതെ, സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കൗൺസിൽ (എസ്.ഇ.ആർ.ടി.) നടത്തിയ കോൺക്ലേവിന്റെ മാത്രം ബലത്തിലാണ് തിടുക്കത്തിൽ ഈ തീരുമാനമെടുത്തതെന്ന് പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.
സാമൂഹികമായി പിന്നാക്കമുള്ള വിഭാഗത്തെ പൊതുധാരയിൽനിന്ന് പുറന്തള്ളാൻ കാരണമാകുന്ന പരീക്ഷാ പരിഷ്കാരങ്ങൾ തള്ളണം. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. പരീക്ഷാ പരിഷ്‌കാരങ്ങൾ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകും. പിന്നോക്കാവസ്ഥയുടെ കാരണം കണ്ടെത്തി അതിനനുസൃതമായ നടപടികളാണ് സ്വീകരിക്കേണ്ടത്. അതിന് ഡയറ്റ്, ബി.ആർ.സി., പഞ്ചായത്ത് വിദ്യാഭ്യാസ സമിതി എന്നിവയുടെ ശക്തമായ ഇടപെടലുകളാണുണ്ടാകേണ്ടത്. നിശ്ചിതശതമാനം കുട്ടികളെ തോൽപിച്ചാൽ എല്ലാവരും നന്നാകുമെന്ന ധാരണ തിരുത്തണമെന്നും പരിഷത്ത് ആവശ്യപ്പെടുന്നു.
കാലിക്കടവ് രമ്യ ഗ്രന്ഥാലയ ഹാളിൽ ചേർന്ന യോഗത്തിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരൻ അധ്യക്ഷനായി. മുൻ ജില്ലാ സെക്രട്ടറി കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടരി പി.പി. രാജൻ, കെ. പ്രഭാകരൻ, എൻ. രവീന്ദ്രൻ, കെ.പി. രാമചന്ദ്രൻ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി കെ. പ്രഭാകരൻ, എൻ. രവീന്ദ്രൻ ( രക്ഷാധികാരികൾ )
സി.എം. മീനാകുമാരി (ചെയർമാൻ) പ്രദീപ് കൊടക്കാട് (വൈ. ചെയർമാൻ) കെ.പി. രാമചന്ദ്രൻ (കൺവീനർ) കെ.വി. ദാമോദരൻ മാഷ് ( ജോ: കൺവീനർ) . ടി.വി.ശ്രീധരൻ മാഷ്, എം.കെ. വിജയകുമാർ, പി.വി. ശശീന്ദ്രൻ എന്നിവർ ഭാരവാഹികളായി പ്രോഗ്രാം കമ്മറ്റിയും രൂപീകരിച്ചു.