മഴക്കാല ആരംഭത്തോടു കൂടി പകർച്ചവ്യാധി വ്യാപന സാധ്യത വർധിക്കാൻ ഇടയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ എ. വി രാംദാസ് അറിയിച്ചു.പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ ഓരോരുത്തരും സ്വയം ഏറ്റെടുക്കുന്നതോടൊപ്പം, പനി ലക്ഷണങ്ങൾ കാണിക്കുന്നവർ സ്വയം ചികിത്സ നടത്താതെ നിർബന്ധമായും ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ തേടണമെന്നും അറിയിച്ചു.
രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവ ശ്രദ്ധിക്കാം
· കൊതുകുകൾ പെരുകുന്നത് തടയാൻ വെള്ള ക്കെട്ടുകൾ ഒഴിവാക്കി
ഉറവിട നശീകരണം ഫലപ്രദമായി ചെയ്യുക
· വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങൾ അട ച്ചുസൂക്ഷിക്കുക.
· ആഴ്ചയിൽ ഒരുദിവസം ഡ്രൈഡേ ആചരിക്കുക
· വീടുകളിലെ ഇൻഡോർ പ്ലാൻ്റുകളുടെ വെള്ളം ആഴ്ചയിൽ ഒരുദിവസം നിർബന്ധമായും മാറ്റുക
· കൊതുക് കടി ഏൽക്കാതിരിക്കാനാവശ്യമായ ലേപനങ്ങളോ വലയോ ഉപയോഗിക്കുക
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും പാചകത്തിനും ഉപയോഗിക്കുക
· കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക,
· ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ കഴുകുക
· മലമൂത്ര വിസർജന ശേഷം കൈകാലുകൾ കഴുകുക
· പൊതു ടാപ്പുകളും കിണറുകളും വൃത്തിയായി സൂക്ഷിക്കുക
· എലി പെറ്റുപെരുകുന്ന സാ ഹചര്യം ഒഴിവാക്കുക.
തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, തെങ്ങുകയറ്റ തൊഴിലാളികൾ, മൃഗപരിപാലകർ, ശുചീകരണ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ തുടങ്ങി മലിനജല സമ്പർക്ക സാധ്യതയുള്ള തൊഴിൽ ചെയ്യുന്നവർ ആഴ്ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ-200 മില്ലി ഗ്രാം ഗുളിക ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കഴിച്ചാൽ എലിപ്പനി രോഗസാധ്യത തടയാനാകും.