നീലേശ്വരം: വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനും, മദ്രസ്സകൾ അടച്ചു പൂട്ടാനുമുള്ള കേന്ദ്ര ഗവൺമെൻ്റ് നീക്കത്തിനെതിരെ സുന്നി മഹല്ല് ഫെഡറേഷനും, മദ്രസ്സ മാനേജ്മെൻറ് അസോസിയേഷനും ചേർന്ന് സംയുക്തമായി നടത്തുന്ന പ്രക്ഷോഭ സമരപരിപടികൾ വിജയിപ്പിക്കാൻ കോട്ടപ്പുറത്ത് ചേർന്ന നീലേശ്വരം മുൻസിപ്പാലിറ്റിയിലെ എസ്.എം എഫ് – മഹല്ല് ഭാരവാഹികളുടേയും മദ്രസ്സ മാനേജ്മെൻ്റ് അസോസിയേഷൻ പ്രതിനിധികളുടേയും സംയുക്ത യോഗം തീരുമാനിച്ചു.
വിശ്വാസികൾ ആരാധനാലായങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും വേണ്ടി സ്വയം ദാനം ചെയ്ത വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനും, ധാർമ്മിക മൂല്യങ്ങളും, നന്മയും, മാനവിക സംസ്കാരവുമൊക്കെ കുട്ടികൾക്ക് പകർന്ന് നൽകുന്ന മദ്രസ്സകൾ അടച്ചുപൂട്ടാനുമുള്ള കേന്ദ്ര ഗവൺമെൻ്റ് നീക്കത്തെ എന്ത് വില കൊടുത്ത് ചെറുക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
എസ്. എം .എഫ് ദർശനം’24 ബഹുജന സംഗമം എല്ലാ മഹല്ലുകളിലും വിപുലമായി സംഘടിപ്പിക്കാനും, സംസ്ഥാന പ്രവർത്തന ഫണ്ട് സമാഹരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
എസ്.എം.എഫ് സ്റ്റേറ്റ് വഖഫ് സമിതി ജനറൽ കൺവീനർ എ.പി.പി. കുഞ്ഞഹമ്മദ് ഹാജി യോഗം ഉദ്ഘാടനം ചെയ്തു. സുന്നി മഹല്ല് ഫെഡറേഷൻ മുൻസിപ്പൽ പ്രസിഡണ്ട് ഇ.യം.കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മദ്രസ്സ മാനേജ്മെൻ്റ് അസോസിയേഷൻ പ്രതിനിധികളായ ഇഖ്ബാൽ.കെ.പി., സി.എച്ച്.സുബൈർ ഹാജി പളളിക്കര, റഷീദ്.സി.എച്ച്, കുഞ്ഞഹമ്മദ് നീലേശ്വരം എന്നിവർ പ്രസംഗിച്ചു..