കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി നവംബർ 8 വെള്ളിയാഴ്ച വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട ശേഷം കേസ് വിധിപറയാനായി മാറ്റുകയായിരുന്നു.
ശക്തമായ പ്രതിരോധ വാദങ്ങളാണ് പ്രതിഭാഗം ഉയർത്തിയത്. ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് മുൻകൂർ ജാമ്യം തള്ളിയ വിധിയിൽ കോടതി പറഞ്ഞിട്ടുണ്ടെന്ന് പ്രതിഭാഗം പറഞ്ഞു. നവീൻ ബാബുവിൻ്റെ കുടുംബവും വാദത്തിൽ അത് സൂചിപ്പിച്ചു. ആറാം തീയതിയാണ് കൈക്കൂലി നൽകിയത്. അന്നേ ദിവസം ഇരുവരും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു. ലാൻഡ് റവന്യു കമ്മീഷണർക്ക് നൽകിയ മൊഴിയിൽ പ്രശാന്ത് കൈക്കൂലി നൽകിയെന്ന് പറഞ്ഞിട്ടുണ്ടെന്നും എഡിഎം ജില്ലാ കളക്ടർക്ക് മുന്നിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട് എന്ന വാദവും പ്രതിഭാഗം കോടതിയിൽ ആവർത്തിച്ചു. നവീൻ ബാബുവിനെ മന:പൂർവം അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കുടുംബത്തെ പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.