കാസർകോട്: മൊബൈൽ ഫോണുകൾക്കും ടാബുകൾക്കും ലാപ്പുകൾക്കും മീതെ അടയിരിക്കേണ്ടതല്ല കുട്ടിക്കാലവും അവധിക്കാലവുമെന്ന ഓർമപ്പെടുത്തലുമായി വായനവെളിച്ചം. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഇടംപിടിച്ച അനന്യ മാതൃകയുമായി കുട്ടികളെ അക്ഷര ലോകത്തേക്ക് നയിക്കാൻ ‘വായന വെളിച്ചം’ പദ്ധതിയുമായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ.
മധ്യവേനലവധിക്കാലം പുസ്തകങ്ങളെയും അക്ഷരങ്ങളെയും വായനയെയും ചേർത്തു പിടിച്ച് താലൂക്കിലെ 235 ഗ്രന്ഥശാലകളിൽ ആഹ്ലാദാരവങ്ങളോടെ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്.
ഓരോ ഗ്രന്ഥശാലയിലും ഏപ്രിൽ, മെയ് മാസങ്ങളിൽ ചുരുങ്ങിയത് എട്ട് കൂടിച്ചേരലുകളെങ്കിലും കുട്ടികളുടെ നേതൃത്വത്തിൽ നടക്കുംവിധമാണ് പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.
മാർച്ച് അവസാന വാരത്തിൽ കുട്ടികളുടെ സർവെ, രക്ഷിതാക്കളുടെ യോഗം എന്നിവ വിളിച്ചുചേർത്ത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരികയാണ്.ഇതിന് മുന്നോടിയായി ഓരോ ഗ്രന്ഥശാലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വായന വെളിച്ചം കൺവീനർമാർക്ക് താലൂക്കിലെ നാല് കേന്ദ്രങ്ങളിലായി പരിശീലനം നൽകിക്കഴിഞ്ഞു. ലൈബ്രറികൾ പ്രമോ വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്.
ഏപ്രിൽ ആദ്യവാരം കുട്ടികളുടെ വായനക്കൂട്ടം രൂപീകരിച്ചു കൊണ്ട് വായനയ്ക്കായി പുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ടായിരിക്കും പ്രവർത്തന തുടക്കം.ഓരോ ആഴ്ചയും വായനയ്ക്കായി നൽകുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പെഴുതി തൊട്ടടുത്ത ആഴ്ചയിലെ വായനക്കൂട്ടത്തിൽ അവതരിപ്പിക്കും.വായിച്ച പുസ്തകങ്ങളെ ആസ്പദമാക്കിക്കൊണ്ട് വ്യത്യസ്ത ആവിഷ്കാരങ്ങളായ ലഘുനാടകം, ഏകപാത്ര നാടകം, റീഡിംഗ് തിയറ്റർ,മൈം, കഥാപ്രസംഗം, ചിത്രരചന, മോണോആക്റ്റ്, റീൽസ്, വീഡിയോകൾ എന്നിവയുടെ അവതരണവും കുരുന്നുകളുടെ സംഗമത്തെ വർണാഭമാക്കും. പ്രകൃതിയിടങ്ങൾ പശ്ചാത്തലമായി വരുന്ന സാഹിത്യകൃതികൾ വായിക്കാനും ആസ്വദിക്കാനുമായി യാത്ര ഏറെ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് അവിടങ്ങളിലേക്ക് വായന യാത്രയും ഒരുക്കിയിട്ടുണ്ട്.കടലോരം, കായലോരം, പുഴയോരം, കാവുകൾ, കുന്നുകൾ, തുരുത്തുകൾ, കുളപ്പടവുകൾ തുടങ്ങിയ ഇടങ്ങളിലും കുട്ടികൾ രക്ഷിതാക്കൾക്കും ഗ്രന്ഥശാല പ്രവർത്തകർക്കുമൊപ്പം ഒത്തുചേരും. വായനക്കൂട്ടം യോഗങ്ങൾ അവർ തന്നെ നിയന്ത്രിച്ച് നോട്ടീസുകളിൽ അവരുടെ പേര് തന്നെ ഇടംപിടിക്കും. അതിഥികളും ഉദ്ഘാടകരുമായെത്തുന്നവർ ഒരു സാഹിത്യകൃതിയെങ്കിലും പരിചയപ്പെടുത്തും. കൈയെഴുത്ത്, ഡിജിറ്റൽ മാസികകളുടെ നിർമാണം എന്നിവയുമുണ്ടാകും. ചെറുതും പെട്ടെന്ന് വായിച്ചു തീരുന്നതുമായ അമ്പതോളം പുസ്തകങ്ങളുടെ പട്ടികയും കുട്ടികൾക്കായി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
മികച്ച ഗ്രന്ഥശാലകൾ, കൺവീനർമാർ, തനതായതും വേറിട്ടതും ആകർഷകവുമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഗ്രന്ഥശാലകൾ, മികച്ച ഡോക്യുമെൻഡേഷനുകൾ എന്നിവയ്ക്ക് പുരസ്കാരങ്ങൾ താലൂക്ക് തലത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന കുട്ടികളെ വായന പക്ഷാചരണക്കാലത്ത് ഗ്രന്ഥശാലകൾ അനുമോദിക്കും.
ഈ വർഷത്തെ വായന വെളിച്ചത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ ഒന്നിന് പള്ളിക്കര പീപ്പിൾസ് റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയിൽ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ അംബികാസുതൻ മാങ്ങാട് കുട്ടികളുമായി സംവദിച്ച് ഏപ്രിൽ ഒന്നിന് വൈകിട്ട് 3.30ന് ഉദ്ഘാടനം ചെയ്യും.