ശബരിമല തീർത്ഥാടനകാലം തുടങ്ങാൻ കഷ്ടിച്ച് ഒരു മാസം പോലും ഇല്ലാതിരിക്കെ ഉണ്ണിയപ്പം കുത്തക റദ്ദാക്കി ദേവസ്വം ബോർഡ്. കോടതി നിർദ്ദേശത്തിന്റെ മറ പിടിച്ചാണ് നടപടിയെങ്കിലും പിന്നിൽ മറ്റുചില കാര്യങ്ങൾ ആണെന്നാണ് സൂചന. അപ്പത്തിന് പുറമെ അരവണ കുത്തകയിലും വിവാദം പുകയുന്നുണ്ട്.
തുലാ മാസ പൂജക്കായി നട തുറക്കുമ്പോഴേക്കും സന്നിധാനത്ത് അപ്പം, അരവണ ഉൽപ്പാദനം തുടങ്ങും. ശബരിമല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ കരാർ മാഫിയ സംഘത്തിന്റെ രണ്ട് കുത്തക ഇത്തവണ അംഗീകരിക്കപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് നിലവിൽ അപ്പം കരാർ ലഭിച്ചയാൾക്ക് ‘വേണ്ടത്ര ‘ മുൻ പരിചയം ഇല്ലെന്ന് കാട്ടി രണ്ടു പേർ കോടതിയെ സമീപിച്ചത്. ദേവസ്വം ബോർഡിൽ പ്രവർത്തിക്കുന്ന മൂന്ന് ഉദ്യോഗസ്ഥരും ഇതിന് പിന്നിൽ പ്രവർത്തിച്ചു എന്നാണ് സൂചന.
കഴിഞ്ഞ തീർഥാടന കാലത്ത് അപ്പം കരാർ നേടിയ തിരുവനന്തപുരം സ്വദേശി ക്കെതിരെ ജാതീയമായ വലിയ അധിക്ഷേപം നടന്നിരുന്നു. പട്ടിക ജാതിക്കാരന് അമ്പല കരാർ എന്ന പേരിൽ ചർച്ചകളും നടത്തി.