നീലേശ്വരം മാർക്കറ്റ് ജംങ്ങ്ഷനിലെ ദേശീയ പാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ചിലർ പുതിയ അവകാശ വാദവുമായി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണെന്ന് നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ആരോപിച്ചു.
ദേശീയ പാത അതോറിറ്റി നീലേശ്വരം മാർക്കറ്റിൽ പ്രപോസ് ചെയ്തത് എംബാങ്ക്മെൻറ് (മതിൽ കെട്ടി മണ്ണിട്ട് ഉയർത്തുന്ന രീതി ) തരത്തിലുള്ള റോഡ് നിർമ്മാണമാണെന്ന് മനസ്സിലാക്കിയ ഉടനെ തന്നെ നഗരസഭയുടെ നേതൃത്വത്തിൽ സർവ്വകക്ഷി ആക്ഷൻ കമ്മറ്റി രൂപീകരിക്കുകയും മാർക്കറ്റ് ജങ്ങ്ഷനിൽ എലിവേറ്റഡ് (മേൽപ്പാലം) രീതിയിലുള്ള നിർമാണം ആവശ്യപ്പെട്ട് കൊണ്ട് ദേശീയ പാത അധികൃതരെ കണ്ട് നിവേദനങ്ങളും ധർണ്ണകളും നടത്തുകയും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടേയുള്ളവരോട് നേരിട്ട് ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ മേൽ പാലം ഇതുവരെ അനുവദിച്ച് കിട്ടിയിട്ടില്ല.
ദേശീയ പാത മുന്നോട്ട് വെച്ച എംബാങ്ക്ഡ് രീതിയിലുള്ള ഹൈവേ നിർമ്മാണത്തിൽ വാഹനങ്ങൾക്ക് ഹൈവേ ക്രോസ് ചെയ്യുവാനുള്ള സൗകര്യം 25മീറ്റർ വീതിയിലും 5.5 മീറ്റർ ഉയരത്തിലും നിർമ്മിക്കുന്നത് പോലീസ് സ്റ്റേഷന് സമീപമാണ്. അങ്ങനെ സംഭവിച്ചാൽ മാർക്കറ്റ് ജംങ്ങ്ഷൻ പൂർണ്ണമായും നശിക്കുമെന്നും അതിനാൽ അടിപ്പാത മാർക്കറ്റ് ജംങ്ങ്ഷനിലേക്ക് (രാജാ റോഡിന് അഭിമുഖമായി) നിർമ്മിക്കണമെന്നും തൃക്കരിപ്പൂർ എം എൽ എ എം. രാജഗോപാലിന്റെ നേതൃത്വത്തിൽ ആവശ്യപ്പെടുകയും ഹോസ്ദുർഗ് താലൂക്ക് ഓഫീസിൽ വെച്ച് ചേർന്ന ദേശീയ പാത നിർമ്മാണ അവലോകന യോഗത്തിൽ ഇക്കാര്യംശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ പാത പ്രോജക്ട് ഡയറക്ടർ പുനീത് കുമാർ നീലേശ്വരം മാർക്കറ്റ് ജംങ്ങ്ഷൻ സന്ദർശിക്കുകയും നമ്മുടെ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
എന്നാൽ നീലേശ്വരം പാലം കഴിഞ്ഞ് മാത്രമേ മണ്ണ് ഇട്ട് റോഡ് ഉയർത്തൽ തുടങ്ങുന്നുള്ളൂ എന്നത് കൊണ്ട് വലിയ അടിപാത രാജാറോഡിന് അഭിമുഖമായി നിർമ്മിക്കാൻ കഴിയില്ല എന്നും എന്നാൽ ചെറിയ വാഹനങ്ങൾക്കും ആൾക്കാർക്കും കടന്ന് പോകാനുള്ള, 4 മീറ്റർ വീതിയും 4 മീറ്റർ നീളവുമുള്ള അടിപ്പാത മാർക്കറ്റ് ജാങ്ങ്ഷനിൽ അനുവദിക്കുകയും ചെയ്തു.
ഇതിന്റെ നിർമാണമാണ് ഇപ്പോൾ മാർക്കറ്റ് ജംങ്ങ്ഷനിൽ തുടങ്ങിയിരിക്കുന്നത്.
വസ്തുത ഇതായിരിക്കെ ചിലർ “അതിന്റെ ആള് ഞമ്മളാണ്” എന്ന അവകാശവാദവുമായി വന്നാൽ പൊതു ജനമധ്യത്തിൽ അപഹാസ്യരാവുകയേ ഉള്ളൂ.