ഉറവ വറ്റാത്ത സ്നേഹവും നിലക്കാത്ത ശാന്തിമന്ത്രവും തെറ്റാത്ത നീതി ശാസ്ത്രവുമായിരുന്നു ഉമറലി ശിഹാബ് തങ്ങളുടെയുടെയും ശൈഖുനാ പൂക്കളം അബ്ദുല്ല മുസ്ലിയാരുടെയും മുഖമുദ്രയെന്ന് സയ്യിദ് മഹമൂദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല അഭിപ്രായപ്പെട്ടു.
കര്‍ണാടകയിലെ കുടക് നാപോക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെയും ശൈഖുനാ പൂക്കളം അബ്ദുല്ല മുസ്ലിയാരുടെയും സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുടക് നാപോക്കില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനം ബുഖാറ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രചരണ സമ്മേളനം ആറങ്ങാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. സ്വന്തമായ ജീവിതനിഷ്ഠകളും കര്‍മ്മ രീതികളും കൊണ്ടും വേറിട്ടു നിന്ന മഹാനുഭാവരായിരുന്നു രണ്ടുപേരും. അചഞ്ചലമായ തീരുമാനങ്ങളും സ്വീകാര്യമായ പരിഹാരങ്ങളും കൊണ്ട് ജനമനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മഹാന്മാരായിരുന്നു രണ്ടുപേരും. ഇവരുടെ നാമധേയത്തില്‍ രാജ്യത്തെ ഏറ്റവും അവികസിത പ്രദേശങ്ങളിലൊന്നായ ദക്ഷിണ കാനറയിലെ കുടകില്‍ ആരംഭിക്കുന്ന സ്ഥാപനം യാഥാര്‍ത്ഥ്യമാവാന്‍ വിശ്വാസി സമൂഹഹത്തിന്റെ പിന്തുണ ഉണ്ടാകണമെന്നും സഫ്വാന്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും കുടക് ജില്ലാ നായിബ് ഖാളിയുമായ എം എം അബ്ദുല്ല ഫൈസി ചടങ്ങില്‍ അധ്യക്ഷനായി. കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൗലവി പ്രഭാഷണം നടത്തി. എസ്വൈഎസ് കുടക് ജില്ലാ ജനറല്‍ സെക്രട്ടറി എം വൈ അഷറഫ് ഫൈസി വിഷയം അവതരിപ്പിച്ചു.
ബുഖാറ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബ്രോഷര്‍ പ്രകാശനം ഗള്‍ഫ് വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ എച്ച് ഷംസുദ്ദീന്‍ കല്ലൂരാവി, എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഹാഷിം ആറങ്ങാടിക്ക് നല്‍കി നിര്‍വ്വഹിച്ചു.
സംയുക്ത ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ട് സുറൂര്‍ മൊയ്തു ഹാജി, സമസ്ത നേതാവ് കെ ബി കുട്ടിഹാജി, മുസ്ലിംലീഗ് മുന്‍ ജില്ലാ സെക്രട്ടറി കെ മുഹമ്മദ്കുഞ്ഞി, മണ്ഡലം ട്രഷറര്‍ സി കെ റഹ്മത്തുള്ള, മുന്‍സിപ്പല്‍ വൈസ് പ്രസിഡണ്ട് എം കെ റഷീദ്, സെക്രട്ടറി ടി അബ്ദുള്‍ അസീസ്, ടി അബൂബക്കര്‍ ഹാജി, അറഹ്മ സെന്റര്‍ ജനറല്‍ കണ്‍വീനര്‍ മുത്തലിബ് കൂളിയങ്കാല്‍, ട്രസ്റ്റ് പ്രസിഡണ്ട് അബ്ദുള്‍ ഹമീദ് ഹാജി ബെട്ടങ്കേരി, മാഹിന്‍ ഹാജി എരുമാട് എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ആറങ്ങാടി സ്വാഗതവും സി കെ നാസര്‍ കൂളിയങ്കാല്‍ നന്ദിയും പറഞ്ഞു.