നീലേശ്വരം: കാഴ്ചയില്ലെങ്കിലും സംഗീതം ഉപാസനയാക്കിയ യഥുന മനോജിന് വനിത ശിശു വികസന വകുപ്പിൻ്റെ ഉജ്വല ബാല്യം പുരസ്ക്കാരം . ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയായ യഥുന ചോയ്യങ്കോട് പോണ്ടിയിലെ മനോജ് – ധന്യദമ്പതികളുടെ മകളാണ്.
കാസർകോട് അന്ധവിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സംഗീ താധ്യാപകൻ സോമശേഖരനാണ് യഥുനയിലേ സംഗീത വാസന തിരിച്ചറിഞ്ഞ് സംഗീതം പഠിക്കാൻ നിർദ്ദേശിച്ചത്.
അധ്യാപകൻ വോയ്‌സ് മെസേജ് നൽകിയാണ് പഠിപ്പിച്ചത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം, ലളിതഗാനം, കവിത, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങളിൽ യഥുന എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ഇപ്പോൾ ചോയ്യംകോട് ഡ്രീം മ്യൂസിക്കിലെ പയ്യംകുളം സ്വദേശി കൃഷ്ണൻ്റെ ശിക്ഷണത്തിലാണ് സംഗീതം അഭ്യസിക്കുന്നത്. യഥുനപാടി അഭിനയിച്ച തോളേനി മുത്തപ്പൻ മടപ്പുരയിലെ മടയൻ പി വി രവി രചിച്ച് കൃഷ്ണൻ സംഗീതം നൽകിയ കരിന്തളം തോളേനി മുത്തപ്പൻ ആൽബം നവമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരുന്നു. സംഗീതത്തിന് പുറമെ ഹിന്ദി ഐച്ഛിക വി ഷയമെടുത്ത് അധ്യാപികയാകാനാണ് യഥുനയ്ക്ക് ആഗ്രഹം. ഉജ്വല ബാല്യം പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് യഥുന പറഞ്ഞു.