
ഉദുമ: ബ്രഹ്മശ്രീ അരവത്ത് കെ യു ദാമോദര തന്ത്രികളുടെ മഹനീയ കാര്‍മികത്വത്തില്‍ ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തല്‍ ഏഴു നാളുകളിലായി നടന്ന ആറാട്ട് മഹോത്സവത്തിന്‍ കൊടിയിറങ്ങി. തിങ്കളാഴ്ച രാവിലെ ക്ഷേത്ര കുളത്തില്‍ നടന്ന ദേവിയുടെ ആറാട്ട് കുളിക്കല്‍ ദര്‍ശിക്കാന്‍ നിരവധി ഭക്തജനങ്ങള്‍ എത്തിചേര്‍ന്നു. 10.30 ന് ആരംഭിച്ച ആറാട്ട് കുളിക്കല്‍ ചടങ്ങിന് ശേഷം ക്ഷേത്ര ഭജനസമിതിയും ക്ഷേത്ര മാതൃസമിതിയും ചേര്‍ന്ന് ഭക്തിസാന്ദ്രമായ ഭജന ആലപിച്ചു. തുടര്‍ന്ന് പനയാല്‍ ചന്ദ്രശേഖര മാരാരും സംഘവും നടത്തിയ ചെണ്ടമേളങ്ങളുടെ അകമ്പടിയോടുകൂടി ക്ഷേത്രത്തിലേക്ക് തിരിച്ചു എഴുന്നള്ളുകയും ദര്‍ശന ബലിയോടുകൂടി കൊടിയിറക്കത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12.30ന് കൊടിയിറക്കത്തോട് കൂടി ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവത്തിനു പരിസമാപ്തി കുറിച്ചു. വൈകുന്നേരം 6.30ന് ഭജന തുടര്‍ന്ന് മീത്തലേക്കാവില്‍ തെയ്യം കുടല്‍. രാത്രി 9 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെയും പന്നിക്കുളത്ത് ചാമുണ്ഡി അമ്മയുടെയും തിടങ്ങല്‍. ഏപ്രില്‍ 29 ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് പന്നിക്കുളത്ത് ചാമുണ്ഡി അമ്മയുടെ പുറപ്പാട് രാവിലെ 10 മണിക്ക് ശ്രീ വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട് വൈകുന്നേരം മൂന്ന് മണിക്ക് ശ്രീ ഗുളികന്‍ ദൈവത്തിന്റെ പുറപ്പാട് തുടര്‍ന്ന് വിളക്കിലരി ചടങ്ങോട് കൂടി ഉത്സവം സമാപിക്കും.