
തൃക്കരിപ്പൂർ:സാധാരണയായി വായനാദിനത്തിൽ ആരംഭിച്ച് വായനാവാരത്തോടെ അവസാനിക്കുന്ന പുസ്തകപരിചയം പരിപാടി അമ്പതാം എപ്പിസോഡിലേക്ക്. ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിൽ
വായനദിനത്തിൽ ആരംഭിച്ച പരിപാടിയിൽ ഇതുവരെയായി അൻപതോളം കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. സാധാരണയായി വായനപക്ഷാചരണത്തോടെ അവസാനിക്കുന്ന പരിപാടിയാണെങ്കിലും ഇത് തുടരണമെന്ന കുട്ടികളുടെ താല്പര്യത്തിനനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. കുട്ടികൾ അവർ വായിച്ച കൃതികൾ ഉച്ചഭക്ഷണ സമയത്തെ ഇടവേളകൾ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് തങ്ങളുടെ കൂട്ടുകാർക്കുവേണ്ടി പരിചയപ്പെടുത്തുന്നത്. വിശ്വനാടോടിക്കഥകൾ, ഓടയിൽ നിന്ന്, അത്ഭുതലോകത്തിലെ ആലീസ്, ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ, വിശ്വവിഖ്യാതമായ മൂക്ക്, തെന്നാലി രാമൻ കഥകൾ, ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, എൻമകജെ, നെയ്പ്പായസം ആടുജീവിതം, ചാർളി ചാപ്ലിന്റെ കുട്ടിക്കാലം, തുടങ്ങിയ പ്രശസ്തമായ കൃതികൾ ഇതുവരെയായി പരിചയപ്പെടുത്തിക്കഴിഞ്ഞ പുസ്തകങ്ങളിൽ ഉൾപ്പെടുന്നു. ക്ലാസ്സ് അധ്യാപകരെ കൂടാതെ എസ് ആർ ജി കൺവീനർ ടി ബിന്ദു മലയാളം ക്ലബ് കൺവീനർ കെ കൃഷ്ണകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
പുസ്തക പരിചയത്തിനായി തയ്യാറാക്കിയ കുറിപ്പുകൾ സമാഹാരിച്ച് വായനക്കുറിപ്പുകളുടെ ഒരു സമാഹാരം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ കുട്ടികൾ.