ഉദിനൂർ :ജില്ലാ സ്‌കൂൾ കലോത്സവത്തെ വരവേൽക്കാനൊരുങ്ങി ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ. നവംബർ 26 മുതൽ 30വരെ നടക്കുന്ന കലോത്സവത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട അവലോഗന യോഗം സ്‌കൂളിൽ ചേർന്നു. സംഘാടക സമിതി ചെയർമാൻ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. വിവിധ സബ്‌കമ്മിറ്റികളുടെ ഭാരവാഹികൾ കലോത്സവ വിജയത്തിനായുള്ള ഒരുക്കങ്ങളെ കുറിച്ച് വിശദീകരിച്ചു. ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ഉദിനൂർ സെൻട്രൽ എയുപി സ്‌കൂൾ എന്നിവിടങ്ങളിലായാണ് പ്രധാന വേദികൾ ഒരുക്കുക. 15 വേദികളിയാണ് മത്സര ഇനങ്ങൾ അരങ്ങേറുക. മത്സര നടത്തിപ്പിനായുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കും. മുഴുവൻ മത്സരാർഥികൾക്കുമുള്ള ഭക്ഷണം ലഭ്യമാക്കും. താമസ സൗകര്യം ആവശ്യമായ മത്സരാർഥികൾക്കും എസ്‌കോർടിങ്ങ് അധ്യാപകർക്കും ഉദിനൂരും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിൽ താമസ സൗകര്യം ഒരുക്കും. കലോത്സവം പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് സംഘടിപ്പിക്കുക. സംഘാടക സമിതിയുടെ കീഴിലുള്ള മുഴുവൻ സബ് കമ്മിറ്റികളും മത്സര നടത്തിപ്പിനും വിജത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കും. 16 വർഷത്തിന് ശേഷം ഉദിനൂർ എന്ന കലാ ഗ്രാമത്തിലെത്തുന്ന ജില്ലാ സ്‌കൂൾ കലോത്സവം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾ ഉദിനൂരിലും പരിസര പ്രദേശങ്ങളിലും ആരംഭിച്ച് കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പഞ്ചായത്ത് പ്രസിഡന്റ് പി വി മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു.