കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി. വിചാരണക്കോടതി വിധി ശരിവെച്ചു. പത്ത് പ്രതികളുടെ ശിക്ഷയാണ് ശരിവെച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ശരിവെച്ചത്. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളി.
രണ്ട് പ്രതികളെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി റദ്ദാക്കി. കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട കോടതി വിധിയാണ് റദ്ദാക്കിയത്. രണ്ട് പ്രതികളും ഈ മാസം 26 ന് കോടതിയില്‍ ഹാജരാകണം. ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും.
വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ആർഎംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ൽ എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കെ കെ രമ വാദിക്കുന്നത്. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരമാവധി ശിക്ഷ വിധിക്കണം എന്നാണ് സർക്കാരിന്റെ അപ്പീലായി കോടതിക്ക് മുന്നിലുള്ളത്.