ഇന്ന് വിനായകചതുര്‍ത്ഥി. സർവ്വവിഘ്നങ്ങളേയും നശിപ്പിച്ച് ഐശ്വര്യം പ്രദാനം ചെയ്യുന്ന ഗണപതി ഭഗവാന്റെ വരപ്രസാദം ലഭിക്കുന്നതിന് ആഘോഷിച്ചു വരുന്ന ഉത്സവമാണ് വിനായക ചതുർത്ഥി. ശ്രീ മഹാ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്. ഭാദ്രപദമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ചതുർത്ഥി ദിവസമാണ് വിനായക ചതുർത്ഥി. കേരളത്തിൽ ചിങ്ങമാസത്തിലെ അത്തം നാളിൽ വരുന്ന ചതുർത്ഥി ദിനമാണ് ആചരിക്കുന്നത്. വിനായകചതുർത്ഥി ദിവസം പ്രപഞ്ചം മുഴുവൻ ഗണേശ ഭജനത്തിൽ മുഴുകുമ്പോൾ ചാന്ദ്ര ദർശനം അരുതെന്നു വിശ്വാസമുണ്ട്. ഇത് ഒഴിവാക്കാനായി ആളുകൾ സന്ധ്യക്കു മുമ്പുതന്നെ വീട്ടിനുള്ളിൽ കയറിക്കൂടാൻ ശ്രദ്ധിക്കാറുണ്ട്. ‘ചതുർത്ഥി കണ്ടതുപോലെ’ എന്ന ചൊല്ല് തന്നെ ചാന്ദ്ര ദർശനത്തെക്കുറിച്ചുള്ള ഭയത്തിൽ നിന്നുളവായതാണ്. ഏറെ അനിഷ്ടമുളവാക്കുന്ന അശുഭകരമായ ഒന്നിനെ കണ്ടതുപോലെ എന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.