പിലിക്കോട്: അറുപതുകളിലെ കുറ്റിയാട്ടൂർ ഗ്രാമത്തിന്റെ നാട്ടു ചരിത്രത്തിന്റെ സ്മരണകളുമായി എൻ ശശിധരന്റെ ‘നാട്ടിലെ പാട്ട്’ നാടകം വീണ്ടും അരങ്ങിലേക്ക്. യുവ നാടക പ്രവർത്തകൻ വിജേഷ് കാരിയുടെ സംവിധാനത്തിൽ കനൽ കാസർകോട് രംഗവത്കരിക്കുന്ന നാടകം ജനുവരി 10,11,12 തീയ്യതികളിലായി തുടർച്ചയായി മൂന്ന് ദിവസം പിലിക്കോട് സി. കെ.എൻ.എസ് ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ചെറുവത്തൂർ ഇ എം എസ് സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ അവതരണത്തിന് ശേഷം നാടക രചയിതാവ് എൻ ശശിധരന്റെയും നാടക പ്രവർത്തകരുടെയും പ്രേക്ഷകരുടെയും നിർദ്ദേശങ്ങൾ അംഗീകരിച്ചു കൊണ്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷമാണ് നാട്ടിലെ പാട്ട് വീണ്ടും അരങ്ങിലേക്ക് എത്തുന്നത്. നിർദ്ധനരെയും രോഗികളെയും ചേർത്തുപിടിച്ചു മാതൃകയായ പിലിക്കോട് സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സ്വരൂപണം ലക്ഷ്യമിട്ടാണ് പി ടി എ യുടെ സഹായത്തോടെ നാടകം അവതരിപ്പിക്കുന്നത്. നാടക അവതരണത്തിന്റെ പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. അരങ്ങിൻ്റെ സാധ്യതകളെ പൂർണ്ണമായും ഉപയോഗപ്പെടുത്തി ലളിതവും സുതാര്യവുമായ രംഗഭാഷയിലൂടെ വർത്തമാനത്തേയും ഭൂതകാലത്തേയും ആവിഷ്ക്കരിക്കുകയാണ് നാട്ടിലെ പാട്ട്. വർത്തമാന സന്ദർഭത്തിൽ മറവിക്കെതിരെ ഓർമ്മകളുടെ കലാപം എന്ന നിലയിലാണ് നാടകം രംഗവേദിക്കായി സമർപ്പിക്കുന്നത്. സുകേഷ് ചോയ്യംകോട്, ഒ പി ചന്ദ്രൻ, ജ്യോതി ചന്ദ്രൻ മുളിയാർ, സി.അമ്പുരാജ്, മധു പള്ളിക്കര, രാമചന്ദ്രൻ പാട്ടത്തിൽ, കെ.പി രാമകൃഷ്ണൻ, ദിപീഷ്, ശോഭ ബാലൻ, ശശി നടക്കാവ്, പ്രേമചന്ദ്രൻ കലാവേദി, ലക്ഷ്മണൻ, ജനാർദ്ദനൻ, ഗോപാലകൃഷ്ണൻ, രവികുമാർ, പ്രമോദ്, ശ്രീധരൻ, പി.സിന്ധു, മൃദുലഭായി, ജ്യോതി ലക്ഷ്മി തുടങ്ങി 35 ഓളം നടീനടന്മാർ വേഷമിടുന്നു. ആലാപനം: ഉമേഷ് നീലേശ്വരം, ശബ്ദമിശ്രണം: നിഷാന്ത് തലയടുക്കം, പശ്ചാത്തല സംഗീതം: ജോൺസൺ പുഞ്ചക്കാട്, രംഗപടം : സുനിൽകുമാർ കാരിയിൽ, ചമയം: ഭാസി വർണ്ണലയം, ദീപ സംവിധാനം: മനു നടക്കാവ്, സംഗീത നിയന്ത്രണം: സുരാഗ് ചന്തേര എന്നിവരാണ് നാടകത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. മുൻ പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻ മാസ്റ്റർ ചെയർമാനും സുനിൽകുമാർ കരിമ്പിൽ കൺവീനറുമായ സംഘാടക സമിതിയാണ് ഇതിനായി പ്രവർത്തിക്കുന്നത്.