നീലേശ്വരം നഗരസഭയിലെ പട്ടേനയിലും തെക്കൻ ബങ്കളത്തും പുലിയെ കണ്ടതായി അഭ്യൂഹം ഇതോടെ നാട്ടുകാർ ഭീതിയിലായി. രണ്ടുദിവസം മുമ്പാണ് പട്ടേന ആർ ആർ സോമനാഥൻ സ്മാരക ഷട്ടിൽ കോർട്ടിൽ കളിക്കാൻ എത്തിയ യുവാക്കൾ പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്. വിവരമറിഞ്ഞ് ഫോറസ്റ്റ് അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ ആയില്ല. നഗരസഭാ ചെയർപേഴ്സൺ ടിവി ശാന്ത പി പി മുഹമ്മദ് റാഫി ഉൾപ്പെടെയുള്ളവരും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ തെക്കൻ ബങ്കളം രാങ്കണ്ടത്ത് ഒരു സ്ത്രീയും പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്. അതിനിടെ പൊട്ടേനയിൽ നിന്നും പരിസരങ്ങളിലും ചില നായ്ക്കളെ കാണാതായതായും നാട്ടുകാർ പറയുന്നുണ്ട്. സമീപപ്രദേശങ്ങളിൽ പുലിയെ കണ്ടതായുള്ള വിവരം നാട്ടുകാരെ ആശങ്കയിൽ ആക്കിയിട്ടുണ്ട്.