
ബേഡകം കൊളത്തൂരിൽ പാറക്കെട്ടിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു.വ്യാഴം രാവിലെ നാലിന് വനംവകുപ്പ് ആർആർടി ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പുലി ചാടി രക്ഷപ്പെട്ടത്. ചാളക്കാട് മടന്തക്കോട് വി കൃഷ്ണന്റെ കവുങ്ങ് തോട്ടത്തിന് സമീപം വെള്ളം ഒഴുകി വരുന്ന പാറമടയിലാണ് ഇന്നലെ വൈകിട്ട് ആറിന് പുലി കുടുങ്ങിയത്. കൃഷ്ണന്റെ മകൾ വി അനുപമ തോട്ടത്തിൽ വെള്ളം ഒഴിക്കാൻ പോയപ്പോൾ പുലിയെ കാണുകയായിരുന്നു.
പാറക്കെട്ടിലെ തുരങ്കത്തിൽ ഒളിച്ച പുലിയെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കല്ല് വെച്ച് അടക്കുകയും വല വിരിക്കുകയും ചെയ്തിരുന്നു.കണ്ണൂർ ആറളത്ത് നിന്നുമെത്തിയ വിദഗ്ധ സംഘം കല്ലും വലയും മാറ്റി മയക്ക്വെടി വെച്ചപ്പോൾ പുലി ഷൂട്ടർക്ക് നേരെ കുതിച്ച് ചാടുകയും ഉദ്യോഗസ്ഥരെ വെട്ടിച്ച് കുറ്റിക്കാട്ടിലേക്ക് ഓടിയൊളിക്കുകയും ചെയ്യുകയായിരുന്നു. പുലിക്ക് ചെറിയ പരിക്കുകളുണ്ടെന്നും അധികദൂരം പോകാൻ സാധ്യതയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മാസങ്ങളായി വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും സാധിക്കാതെ പരിഭ്രാന്തിയിലാക്കിയ പുലി ചാടിപോയതിൽ നാട്ടുകാർ ആശങ്കയിലാണ്.