
കാഞ്ഞങ്ങാട് സദ്ഗുരു ത്യാഗ ബ്രഹ്മ സംഗീത സഭയുടെ നേതൃത്വത്തിൽ നടന്ന സംഗീതോൽസവം ത്യാഗരാജ- പുരന്ദരദാസ സ്മരണകളാൽ ശ്രദ്ധേയമായി.
ഉപജീവനത്തിനു വേണ്ടി ത്യാഗരാജ സ്വാമികൾ ഭിക്ഷ യാചിച്ചതിൻ്റെ പ്രതീകമായി നഗരത്തിൽ ഉഞ്ഛവൃത്തി നടന്നു. ശിഷ്യരുമൊത്ത് സ്വാമികൾ കീർത്തനങ്ങൾ പാടി വീടുകളിൽ ചെന്ന് ഭിക്ഷ ചോദിക്കും. ഒരുദിവസത്തേക്ക് ആവശ്യമുള്ളത് മാത്രമാണ് ഭിക്ഷയായി വാങ്ങിയിരുന്നത്. ഭിക്ഷയായി ലഭിച്ചത് ആവശ്യം കവിഞ്ഞ് ബാക്കിവന്നാൽ അടുത്ത ദിവസത്തേക്ക് കരുതിവെക്കാതെ അവ ദാനം ചെയ്യുകയാണ് പതിവ്. പിറ്റേന്ന് വീണ്ടും ഭിക്ഷാടനത്തിന് ഇറങ്ങുമായിരുന്നു. പ്രശസ്തമായ പല ത്യാഗരാജ കീർത്തനങ്ങളും പിറന്നത് ഭിക്ഷാടന വേളയിലാണ്. ദാരിദ്ര്യദു:ഖം മാറാൻ, തന്നെ സ്തുതിച്ച് പാടിയാൽ സ്വാമികളുടെ തൂക്കത്തിനു തുല്യം സ്വർണം തരാമെന്ന ശരഭോജി രാജാവിൻ്റെ വാഗ്ദാനം നിരസിച്ചു കൊണ്ട് ഭിക്ഷാടനത്തിലൂടെയാണ് അദ്ദേഹം വിശപ്പടക്കിയിരുന്നത്. ത്യാഗരാജ-പുരന്ദരദാസ സ്മരണയിൽ കാഞ്ഞങ്ങാട് സദ്ഗുരു ത്യാഗബ്രഹ്മ സംഗീതസഭ നടത്തുന്ന സംഗീതോത്സവത്തിൻ്റെ ഭാഗമായാണ് എല്ലാ വർഷവും ഉഞ്ഛവൃത്തി നടക്കുന്നത്. സംസ്ഥാനത്ത് ഉഞ്ഛവൃത്തി നടക്കുന്ന അപൂർവം വേദികളിലൊന്നാണ് കാഞ്ഞങ്ങാട്. കെ. രവി അഗ്ഗിത്തായയാണ് ത്യാഗരാജ സ്വാമികളുടെ വേഷമണിഞ്ഞത്.
തുടർന്ന് പഞ്ചരത്ന കീർത്തനാലാപനം നടന്നു. കേൾക്കാൻ ഇമ്പമുള്ള അഞ്ചു രാഗങ്ങളിൽ ചിട്ടപ്പെടുത്തിയതാണ് പഞ്ചരത്ന കീർത്തനങ്ങൾ. പ്രസിദ്ധമായ എന്തരോ മഹാനുഭാവുലു എന്ന ശ്രീരാഗകീർത്തനം പഞ്ചരത്നത്തിൽ ഉൾപ്പെടുന്നു. 50ലധികം പേർ പങ്കെടുത്തു. ഉഷാ ഈശ്വർ ഭട്ട്, മനോജ് പയ്യന്നൂർ, കെ.വി.എസ്.ബാബു കോഴിക്കോട്, പ്രഭാകർ കുഞ്ജാർ, ഗണരാജ് കാർലെ, ബൽരാജ് കാസർകോട്, എസ്. നവനീത് കൃഷ്ണൻ, മൃദംഗവിദ്വാൻ കെ.വി. പ്രസാദ്, പി.വി.രാജൻ,വെള്ളിക്കോത്ത് രാജീവ് ഗോപാൽ എന്നിവർ നേതൃത്വം നൽകി.