കാഞ്ഞങ്ങാട്: തുളുനാട് മാസിക നൽകിവരുന്ന പത്തൊമ്പതാമത് അതിയാമ്പൂർ കുഞ്ഞികൃഷ്ണൻ സ്മാരക തുളുനാട് മാദ്ധ്യമ അവാർഡ് കേരള കൗമുദി സീനിയർ റിപ്പോർട്ടറും കാസർകോട് ജില്ലാ ലേഖകനുമായ ഉദിനൂർ സുകുമാരന്. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയും വാർത്തകളിലെ പുതിയ പരീക്ഷണവും കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്. വി വി പ്രഭാകരൻ, ടി. കെ നാരായണൻ, എൻ. ഗംഗാധരൻ, ശ്യാംബാബു വെള്ളിക്കോത്ത്, കെ. കെ നായർ, സുരേഷ് നീലേശ്വരം എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത് . ഡിസംബർ ഒന്നിന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.1990 മുതൽ മാദ്ധ്യമ പ്രവർത്തന രംഗത്തുള്ള ഉദിനൂർ സുകുമാരൻ കഴിഞ്ഞ 18 വർഷമായി കേരള കൗമുദി കാസർകോട് റിപ്പോർട്ടർ ആയി
പ്രവർത്തിച്ചു വരികയാണ്. കാഞ്ഞങ്ങാട് ജൂനിയർ ചേംബർ പുരസ്ക്കാരം, കാസർകോട് സംസം പുരസ്ക്കാരം, പത്രാധിപർ കെ. സുകുമാരൻ സ്മാരക പുരസ്ക്കാരം, തുളുനാട് വിദ്യാഭ്യാസ പുരസ്ക്കാരം എന്നീ അവാർഡുകൾ ഇതിന് മുമ്പ് നേടിയിട്ടുണ്ട്. അദ്ധ്യാപികയായ ബിന്ദു സുകുമാരൻ ആണ് ഭാര്യ. അദ്ധ്യാപികയായ അനഘ സുകുമാരൻ, ബയോ മെഡിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥി വിഘ്നേഷ് സുകുമാരൻ എന്നിവർ മക്കളും ദിനേശ് കുമാർ കുഞ്ഞിമംഗലം മരുമകനുമാണ്