മുഹമ്മ സ്വദേശിയുടെ 17 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്ത കേസിൽ കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ കൈക്കോട്ട് കടവ് എസ് പി ഹൗസിൽ ഫർഹത്ത് ഷിറിനെ (31) മുഹമ്മ പൊലീസ് പിടികൂടി .
മുഹമ്മ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കരിപ്പെവെളി സിറിൽ ചന്ദ്രന്റെ പണമാണ് നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയതോടെ പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചു. ബാങ്കിൽ നിന്നും 6 പേരാണ് അവരവരുടെ പേരിൽ പണം പിൻവലിച്ചത്. ഗുജറാത്ത് സ്വദേശിയായ ഒരു സ്ത്രീ പിൻവലിച്ച 4 ലക്ഷം രൂപ ഇപ്പോൾ അറസ്റ്റിലായ ഫർഹത്ത് ഷിറിന്റെ അകൗണ്ടിലേക്ക് അയച്ചു കൊടുത്തിരുന്നു. ഇതിൽ നിന്നും രണ്ട് ലക്ഷം രൂപ ഇവർ പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുഹമ്മ എസ് എച്ച് ഒ കെ എസ് വിജയൻ, എസ് ഐ മനോജ് കൃഷ്ണൻ, എ എസ് ഐ സുമ, സി പി ഒ മാരായ രാംലാൽ, കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.