തൃക്കരിപ്പൂർ:തൃക്കരിപ്പൂർ പ്രസ് ഫോറം ഏർപ്പെടുത്തിയ സംസ്ഥാന പത്ര-ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ടി.വി.ചവിണിയൻ സ്മാരക അച്ചടി മാധ്യമ അവാർഡിന് ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ എസ്.ശ്രീലക്ഷ്മിയും കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക ദൃശ്യമാധ്യമ അവാർഡിന് ന്യൂസ് മലയാളം 24×7 ലെ രതീഷ് വാസുദേവനും അർഹരായി. വി.കെ.രവീന്ദ്രൻ, ഡോ.വി.പി.പി.മുസ്തഫ, തൃക്കരിപ്പൂർ വേണു എന്നിവരുൾപ്പെട്ട നിർണയ സമിതിയാണ് വാർത്താ സമ്മേളനത്തിൽ അവാർഡ് പ്രഖ്യാപിച്ചത്.
അച്ചടി മാധ്യമ വിഭാഗത്തിൽ ദേശാഭിമാനി കൊച്ചി ബ്യൂറോയിൽ റിപ്പോർട്ടറായ
എസ്.ശ്രീലക്ഷ്മിക്കാണ് പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ദേശാഭിമാനിയിൽ പ്രവർത്തിച്ചു വരുന്നു. കുടുംബശ്രീ ദേശീയ സരസ് മേള മികച്ച റിപ്പോർട്ടർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വലമ്പൂർ ഇടപ്പറമ്പിൽ പി.കെ.ശശിയുടെയും ലളിതയുടെയും മകളാണ്.
ദൃശ്യമാധ്യമ അവാർഡ് വയനാട് ജില്ലയിലെ നെൻമേനി ആനപ്പാറ സ്വദേശി രതീഷ് വാസുദേവന് ലഭിച്ചു. രണ്ട് പതിറ്റാണ്ടായി ദലിത് പിന്നാക്ക ആദിവാസി പരിസ്ഥിതി മേഖലകളിലെ നിരവധി വാർത്തകൾ ചെയ്തിട്ടുള്ള മാധ്യമപ്രവർത്തകനാണ്. ന്യൂസ് മലയാളം 24×7 വയനാട് ബ്യൂറോ ചീഫായി പ്രവർത്തിക്കുന്നു. 2003 മുതൽ മാധ്യമം ദിനപത്രം, കേരള കൗമുദി, കേരള വിഷൻ, ദർശന ടിവി , ന്യൂസ് 18 കേരളം,ദി ഫോർത്ത് ടിവി എന്നിവയിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സനിഷാ തോമസ്, മകൻ ആദിത്ത്. നവമ്പർ 15 ന് വൈകുന്നേരം മൂന്നിന് തൃക്കരിപ്പൂരിൽ നടക്കുന്ന ചടങ്ങിൽ തൃക്കരിപ്പൂർ പ്രസ് ഫോറത്തിൻ്റെ മൂന്നാമത് മാധ്യമ അവാർഡുകൾ വിതരണം ചെയ്യും.