
വിമാനം കയറണമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ തൊഴിലുറപ്പ് കൂലിയിൽ മിച്ചം വെച്ച തുകയുമായി തിരുവനന്തപുരത്തെത്തി നിയമസഭ മന്ദിരം കാണാൻ പോയ വീട്ടമ്മമാർ വൈറലായി. നീലേശ്വരം നഗരസഭയിലെ നാലാം വാർഡിൽപെട്ട ചിറപ്പുറം പാലക്കാട്ടെ പത്തു പേരടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളി സംഘമാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലോകം അറിഞ്ഞത്. നിയമസഭയിൽ എത്തിയ വീട്ടമ്മമാരെ കണ്ടപ്പോൾ മന്ത്രിമാരായ പി രാജീവും എം ബി രാജേഷും ഇവരെ ആകസ്മികമായാണ് പരിചയപ്പെട്ടത്. കാസർകോട്ട് നിന്നും വിമാനം കയറണമെന്ന മോഹവുമായി എത്തിയ തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടപ്പോൾ മന്ത്രിമാർക്ക് ആവേശമായി. അവരോട് കുശല അന്വേഷണം നടത്തിയപ്പോൾ ഏറെ സന്തോഷം പകരുന്ന കാര്യങ്ങളാണ് അറിയാൻ കഴിഞ്ഞതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. നിയമസഭയിൽ ഒരു മീറ്റിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ഈ അമ്മമാരെ കാണുന്നത്. കുശലം ചോദിച്ചപ്പോഴാണ് ഏറെ സന്തോഷം തരുന്ന കാര്യങ്ങൾ അവർ പങ്കുവച്ചത്. നീലേശ്വരം നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാരാണിവർ. ജീവിതത്തിലിതുവരെ വിമാനത്തിൽ കയറാത്ത 10 പേർക്ക് ഇപ്പോഴൊരാഗ്രഹം, ഒരുതവണയെങ്കിലും വിമാനം കയറണം. അങ്ങനെ തൊഴിലുറപ്പ് കൂലിയും പെൻഷൻ തുകയും കൂട്ടിവച്ച് ഒരു വിനോദയാത്ര ഇവർ പ്ലാൻ ചെയ്തു. കാസർകോട് നിന്ന് തിരുവനന്തപുരം വരെ ട്രെയിനിലും തിരിച്ച് നാട്ടിലേക്ക് വിമാനത്തിലുമായി ഒരു വിനോദയാത്ര. 52 വയസുള്ള ലതയും 80 വയസുള്ള ലക്ഷ്മിയമ്മയുമെല്ലാം ഒന്നിച്ച് തങ്ങളുടെ ജീവിതത്തിലെ ആദ്യ വിമാന യാത്രയ്ക്ക് മുൻപായി ഒന്ന് നിയമസഭയും കാണാനെത്തിയപ്പോഴാണ് ഞങ്ങൾക്ക് മുന്നിൽ പെട്ടത്. എന്നാൽ ഈ സന്തോഷ നിമിഷത്തിൽ ഒന്നിച്ചൊരു ഫോട്ടോ കൂടിയാകാം എന്ന് ഞങ്ങളും തീരുമാനിച്ചെന്ന് മന്ത്രി രാജീവന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മന്ത്രി പോസ്റ്റിട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത് വൈറലായി. ആയിരങ്ങൾ പോസ്റ്റ് കാണുകയും ലൈക്ക് അടിക്കുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ചിറപ്പുറം പാലക്കാട്ടെ കുടുംബശ്രീ അംഗങ്ങളായ നാരായണി, ലക്ഷ്മി,പി ജാനകി, കെ ജാനകി, സാവിത്രി, പാറു, കാർത്യായനി,പിവി ലത, കെ. ശാന്ത, എന്നിവരും തൊഴിലുറപ്പ് മേറ്റൻ സത്യഭാമയുമാണ് സംഘത്തിൽ ഉള്ളത്. തിങ്കളാഴ്ച തീവണ്ടിയിൽ തിരുവനന്തപുരത്ത് എത്തിയ ഇവർ . വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ശനിയാഴ്ച തിരുവനന്തപുരത്തുനിന്നും വിമാനമാർഗ്ഗം കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തും.