ചെറുവത്തൂർ : സമൂഹത്തിൽ സ്വാർത്ഥതയും ക്രൂരതയും അക്രമവും വഞ്ചനയും വർധിച്ചു വരുന്ന സാഹചര്യത്തിൽ കാലഘട്ടം ആവശ്യപ്പെടുന്നത് സ്നേഹത്തെക്കുറിച്ചും കാരുണ്യത്തെ കുറിച്ചും സംസാരിക്കുന്ന കവിതകളാണെന്ന് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി കെ പ്രഭാകരൻ അഭിപ്രായപ്പെട്ടു. കാസർകോട് ജില്ലാ സാംസ്‌കാരിക വേദിയുടെയും കാൻഫെഡിന്റെയും ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചെറുവത്തൂരിൽ പ്രൊഫ. ജോർജ് കുട്ടി മാത്യു മാസ്റ്ററുടെ കാവൽ മാലാഖ എന്ന കവിതാ സമാഹാരത്തെ കുറിച്ചുള്ള ചർച്ചയിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോർജ് കുട്ടി മാസ്റ്ററുടെ കവിതകളിൽ ഏറെയും നിറഞ്ഞു നിൽക്കുന്നത് സ്നേഹവും കാരുണ്യവും മനുഷ്യത്വവുമാണ്. ഈ ഗുണങ്ങൾ ഇല്ലെങ്കിൽ സമൂഹങ്ങൾക്കും കുടുബങ്ങൾക്കും നിലനിൽപ്പില്ല. ക്രൈസ്തവ ബിംബങ്ങളെ ആധാരമാക്കിയുള്ള വരികളാണ് ഈ സമാഹാരത്തിൽ ഏറെയുമുള്ളത്. അതു കൊണ്ട് മാത്രം ഈ കവിതകളെ ഏതെങ്കിലും ഒരു ചട്ടക്കൂട്ടിൽ ഒതുക്കി നിർത്താൻ സാധിക്കില്ല. വിശ്വാസപരമായ ജീവിതപശ്ചാത്തലത്തിലൂടെ കടന്നു പോകുന്ന കാവ്യ ഭംഗി തുളുമ്പുന്ന ഈ കവിതകൾ വിശാലമായ മാനവികതാ ബോധത്തിന്റെ സന്ദേശം കൂടി പകർന്നു നൽകുന്നതിനാൽ പൊതു ഇടങ്ങളിൽ കൂടുതൽ വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രവി ബന്തടുക്ക മുഖ്യ പ്രഭാഷണം നടത്തി. ടി വി വിജയൻ മാസ്റ്റർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, വി തമ്പാൻ മാസ്റ്റർ, ടി വി ഗംഗാധരൻ, ജോർജ് കുട്ടി മാത്യു മാസ്റ്റർ, എൻ സുകുമാരൻ, ടി വി രാജു, അഭിലാഷ് ജയിംസ്, രാജൻ എൻ പി, പി കെ മദന മോഹൻ എന്നിവർ പ്രസംഗിച്ചു.