ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് സ്റ്റേ ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യം ആദായനികുതി ട്രൈബ്യൂണൽ തള്ളി. ഹൈക്കോടതിയിൽ പോകാനായി പത്തു ദിവസത്തേക്ക് കോൺഗ്രസ് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക വിഷയം ചൂണ്ടിക്കാട്ടിയാണ് ആദായനികുതി ട്രൈബ്യൂണൽ സ്റ്റേ ആവശ്യം തള്ളിയത്.
അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. 210 കോടി പിഴയും ചുമത്തി. അറിയിപ്പ് പോലും നല്‍കാതെയാണ് കോൺഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതെ വന്നതോടെയാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കോണ്‍ഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പർഷിപ്പിലൂടെയും സമാഹരിച്ച പണം അക്കൗണ്ടുകളിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 2018-19 വർഷം ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് നടപടിയെന്നതാണ് ശ്രദ്ധേയം.