ആളുകൾ നോക്കിനിൽക്കെ നഗരത്തിലെ ട്രാൻസ്ഫോർമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. കാഞ്ഞങ്ങാട് ടൗണിൽ തട്ടുകടയിൽ ജോലി ചെയ്യുന്ന ഉദയൻ(45) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപത്തെ ട്രാൻസ്ഫോർമറിൽ ആണ് സംഭവം. ട്രാൻസ്ഫോർമറിന്റെ മുകളിൽ കയറി വൈദ്യുത കമ്പിയിൽ പിടിച്ചതോടെ ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡ് അരവിന്ദന്റെ നേതൃത്വത്തിൽ ഓടിക്കൂടിയവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം സ്വദേശിയായ ഉദയൻ വർഷങ്ങളായി കാഞ്ഞങ്ങാട്ടാണ് താമസിക്കുന്നത്.