കരിവെള്ളൂർ:എഴുതി കഴിഞ്ഞാൽ കഥയുടെ യഥാർഥ അവകാശികൾ വായനക്കാരാണ്. കഥയെ വ്യത്യസ്തമായ കണ്ണിലൂടെ കാണാനും തള്ളാനും കൊള്ളാനുമുള്ള അവകാശം ഓരോ വായനക്കാരനുമാണ്. പ്രശസ്ത കഥാ കൃത്ത് ടി.പി. വേണു ഗോപാലൻ പറഞ്ഞു. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതോടെ എഴുത്തും എഴുത്തുകാരനും തമ്മിലുള്ള ബന്ധം അവസാനിക്കുന്നു.അതു പിന്നെ പൂർണ്ണമായും വായനക്കാരൻ്റെ സ്വന്തമാണ്. ഏറ്റവും കുറച്ചു വാക്കുകളില്‍ ഏറ്റവും ശക്തമായി ജീവിതം ആവിഷ്കരിച്ച മലയാളത്തിലെ പ്രശസ്ത ചെറുകഥാകൃത്തു കൂടിയായ ടി.പി.വേണു ഗോപാൽ പറഞ്ഞു. നമ്മുടെ സാമൂഹികജീവിതത്തിൽ ദൃശ്യ മാദ്ധ്യമങ്ങളും പത്ര മാധ്യമങ്ങളും വലിയ സ്വാധീനം ചെലുത്തി കൊണ്ടിരിക്കുന്ന ഇക്കാലത്ത് വായനശാലകൾ സംഘടിപ്പിക്കുന്ന വായനായനം പോലുള്ള കൂട്ടായ്മകൾ ഒരു സമരമാർഗ്ഗമായി മാറുന്നുണ്ട്. പുസ്തകം പരിചയപ്പെടുത്തുക എന്നതിലുപരി ഒരു സാമൂഹിക ചിന്ത കൂടി ഉണർത്തുന്നു എന്നത് ഇത്തരം കൂട്ടായ്മകളുടെ പ്രസക്തി വർദ്ധിപ്പിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു. പാലക്കുന്ന് പാഠശാലയിൽ ‘തുന്നൽക്കാരൻ ‘ വന്ന വഴി അദ്ദേഹം അവതരിപ്പിച്ചു.
വടക്കുമ്പാട് സി.കെ. ഹംസയുടെ സ്നേഹ മുറ്റത്ത് ഒരുക്കിയ ചടങ്ങിൽ എഴുത്തുകാരനും എസ്. എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസറുമായ രാജേഷ് കടന്നപ്പള്ളി പുസ്തക പരിചയം നടത്തി. കെ. സുബൈർ അധ്യക്ഷത വഹിച്ചു. കൂക്കാനം റഹ്മാൻ മാഷ്, കൊടക്കാട് നാരായണൻ, എം. അമ്പുകുഞ്ഞി അരവിന്ദൻ കൂക്കാനം സംസാരിച്ചു. സതീശൻ നരിക്കുട്ടി പച്ച എഴുതിയ ‘സീറോ ടു സീറോ എ സ്പിരിച്വൽ പിൽഗ്രിമേജ് ‘എന്ന പുസ്തകം പാഠശാല ലൈബ്രേറിയൻ കെ.പി. പവിത്രൻ ഏറ്റു വാങ്ങി.സി.കെ. ഹംസ സ്വാഗതവും ശശിധരൻ ആലപ്പടമ്പൻ നന്ദിയും പറഞ്ഞു.