കാസർകോട്: കൊലചെയ്യപ്പെട്ട കല്യോട്ടെ ശരത് ലാലും കൃപേഷുമടക്കം 10 കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ കേസിൽ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) യിൽ വിചാരണ തുടങ്ങി. ശരത് ലാൽ- കൃപേഷ് ഇരട്ട കൊലപാതക കേസിൽ ഒന്നാം പ്രതിയായി വിയ്യൂർ സെൻട്രൽ ജയിലിൽ ജൂഡിഷ്യൽ കസ്റ്റഡിയിലുള്ള എ.പീതാംബരനെ ഇന്നലെ കോടതിയിൽ ഹാജരാക്കി’ 2019 ജനവരി 5ന് നടന്ന കോൺഗ്രസ് സംഘർഷത്തിലാണ് സിപിഎം പ്രവർത്തകരുടെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തത്.ഈ കേസിൻ്റെ തുടർച്ചാണ് 2019 ഫെബ്രുവരി 17 ന് രാത്രി ബൈക്കിൽ സഞ്ചരിക്കുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ- കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്.പെരിയ ഇരട്ട കൊലപാതക കേസിൻ്റെ വിചാരണ സിബിഐ കോടതിയിൽ പൂർത്തീകരിക്കുകയും പ്രതികളെ ചോദ്യം ചെയ്യൽ പൂർത്തീകരിക്കുകയും ചെയ്തിരുന്നു.പ്രതി ഭാഗത്തിന് സാക്ഷികളോ, രേഖകളോ ഉണ്ടെങ്കിൽ നാളെ സിബിഐ കോടതിയിൽ സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു.എകെജി മന്ദിരം തകർത്തുവെന്നും പീതാംബരൻ, സുരേന്ദ്രൻ ,സജി തുടങ്ങിയവരെ ആക്രമിച്ചുവെന്നുമാണ് കേസ്. കൊല്ലപെട്ട ശരത് ലാൽ, കൃപേഷ് എന്നിവർ കേസിൽ പ്രതികളായിരുന്നു’ എന്നാൽ കൃപേഷിനെ അന്വേഷണ സംഘം ഒഴിവാക്കി. ശരത് ലാലിനെ പിന്നീട് കോടതിയും ഒഴിവാക്കിയിരുന്നു.പ്രതി ഭാഗത്തിന് വേണ്ടി അഡ്വ.കെ.പത്മനാഭൻ ,അഡ്വ.ശ്രീജിത് മാടക്കല്ല് എന്നിവരും പ്രോസിക്യൂഷന് വേണ്ടി പി.സതീഷനും കോടതിയിൽ ഹാജരായി.കേസിൽ ഇന്നും വാദം തുടരും.