കാഞ്ഞങ്ങാട്: മലബാറിലെ തീയ്യ സമുദായത്തിൻ്റെ വംശ ചരിതം തയ്യാറാക്കുന്നു. തീയ്യമഹാ സഭയുടെ നേതൃത്വത്തിലാണ് വംശമഹിമ, കുലം, ഗോത്രം തറവാട് പാരമ്പര്യം തൊഴിൽ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച ആധികാരിക പഠനങ്ങൾ ഉൾക്കൊള്ളുന്നതാവും ഗ്രന്ഥമെന്ന് സംഘടനാ സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം വ്യക്തമാക്കി. പാരമ്പര്യത്തനിമയ്ക്ക് മുൻതൂക്കം നൽകിയുള്ള പഠനങ്ങൾ ഉൾപ്പെടുത്തി ഏപ്രിലിൽ കാസർഗോട് അന്തർദേശീയ സെമിനാർ സംഘടിപ്പിക്കും. ഇതിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളാണ് പുസ്തകത്തിൽ ഉണ്ടാവുക. തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു പ്രബന്ധങ്ങൾക്ക് പുരസ്കാരവും സമ്മാനിക്കും. ഇതര സമുദായങ്ങളുമായി ചേർത്ത് തീയ്യരുടെ വംശ പാരമ്പര്യത്തെ ഇല്ലാതാക്കാനുള്ള പ്രവണത ഏറി വരുന്ന സാഹചര്യത്തിൽ പാരമ്പര്യത്തെ മുൻനിർത്തി ചരിത്രത്തെ വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഗ്രന്ഥരചനയ്ക്കു പിന്നിലെന്ന് ഗണേഷ് അരമങ്ങാനം പറഞ്ഞു .പ്രമുഖ പ്രഭാഷകൻ ഡോ.വത്സൻ പിലിക്കോടാണ് ചരിത്ര പുസ്തകത്തിൻ്റെ എഡിറ്റർ. മലബാറിലെ തീയ്യരുടെ വേറിട്ട ജീവിത വഴിയും നരവംശ ശാസ്ത്ര പരമായ പ്രത്യേകതകളും എടുത്തുകാട്ടുന്ന രീതിയിലുള്ള ഗവേഷണ പഠനങ്ങൾ ഉൾക്കൊള്ളുന്നതാവും ഗ്രന്ഥം.