നീലേശ്വരം: പാലാത്തടം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് റവന്യൂ ജില്ല സ്കൂൾ നീന്തൽ മത്സരത്തിൽ കുടിവെള്ളം കിട്ടാതെയും പൊരിയുന്ന വെയിലത്ത് തണലില്ലാതെയും കായികതാരങ്ങൾ കുഴഞ്ഞുവീണു. സംസ്ഥാന സ്ക്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിലേക്ക് മത്സരിക്കാൻ തെരെഞ്ഞെടുക്കപ്പടേണ്ട കാസർകോട് റവന്യൂ ജില്ലയിലെ ഏഴോളം ഉപജില്ലകളിൽ നിന്നും നൂറോളം നീന്തൽ താരങ്ങളാണ് ഇവിടെ മത്സരിക്കാൻ എത്തിയത്.എന്നാൽ ഇത്രയും താരങ്ങൾ പങ്കെടുത്ത മത്സരത്തിന് വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നില്ല. പൊരിയുന്ന വെയിലത്ത് തണൽ ഒരുക്കാൻ പന്തലോ, മത്സരാർത്ഥികൾക്ക് കുടിക്കാൻ ശുദ്ധജലം പോലും ഒരുക്കാൻ സംഘാടകർ തയ്യാറായില്ല . അതുകൊണ്ടുതന്നെ ചുട്ടുപൊള്ളുന്ന വെയിലിലും കുടിക്കാൻ വെള്ളം കിട്ടാതെയും താരങ്ങൾ തളർന്നു വീഴുകയായിരുന്നു. നീന്തൽക്കുളത്തിൽ നിന്നും 300 മീറ്റർ ദൂരത്തുള്ള സ്വകാര്യ കടകളിൽ ചെന്നാണ് കായികതാരങ്ങളും മറ്റും കുടിക്കാൻ വെള്ളം ശേഖരിച്ചത്. കായിക താരങ്ങളുടെ പ്രതിഷേധം ശക്തമായപ്പോൾ ഏറെ വൈകി സംഘാടകർ പന്തൽ ഒരുക്കിയെങ്കിലും കുടിക്കാനുള്ള വെള്ളംമാത്രം നൽകിയില്ല. നീന്തൽ മത്സരം നടത്താൻ സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തതെന്നാണ് ബന്ധപ്പെട്ട ചുമതലയുള്ള അധ്യാപകർ പറഞ്ഞത്. അതേസമയം തന്നെ മത്സരം നിയന്ത്രിക്കാൻ യോഗ്യതയുള്ള വിധികർത്താക്കൾ ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപവും നിലനിൽക്കുന്നുണ്ട്.