ദില്ലി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകി. അന്വേഷണവുമായി സഹകരിക്കണമെന്ന് നിബന്ധനയോടെയാണ് സിദ്ദിഖിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽവച്ച് യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിലാണ് നടപടി. താൻ നിരപരാധിയാണെന്നാണ് സിദ്ദിഖ് സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ കേസിന്റെ മുന്നോട്ടുള്ള പോക്കിന് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗിയാണ് സിദ്ദിഖിനായി ഹാജരായത്. ഗുജറാത്ത് കലാപം, ആര്യൻ ഖാൻ കേസ്, വിജയ് മല്യ കേസ് തുടങ്ങി പ്രമാദമായ പല കേസുകളും വാദിച്ച അഭിഭാഷകനാണ് റോഹത്ഗി. അതിജീവിത പരാതി നൽകാൻ വൈകിയതടക്കമുള്ള വിഷയങ്ങൾ റോഹത്ഗി ചൂണ്ടിക്കാട്ടിയിരുന്നു.