ഉദുമ: പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. ഉദുമ കൊക്കാലിലെ പഴയ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ റിജേഷിൻ്റെയും സിത്താരയുടെയും മകൾ (ഗ്രീൻവുഡ്സ് സ്കൂൾ അധ്യാപിക) കെ സാത് വിക (9) ആണ് മരിച്ചത്. ഉദുമ ഗവ.എൽ പി സ്കൂൾ നാലാം തരം വിദ്യാർത്ഥിനിയാണ്. മൂന്ന് ദിവസം മുമ്പാണ് പനി ബാധിച്ചത്.
സുഖം പ്രാപിച്ചു വരുന്നതിനിടയിൽ ഇന്നലെ വൈകുന്നേരം ക്ഷീണം അനുഭവപ്പെട്ട കുട്ടിയെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു. ഉദുമ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥി റിത്തുൻ സഹോദരനാണ്.
പഠനത്തിലും ഡാൻസിലും ചിത്രം വരയിലും കഴിവുള്ള സാത് വികയുടെ മരണം കുടുംബത്തിനും നാടിനും നൊമ്പരമായി. രാവിലെ
10 മണിക്ക് ഉദുമ ഗവ എൽപി സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. മണ്ഡലം എം എൽ എ അഡ്വ. സി എച്ച് കുഞ്ഞമ്പു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി തൂടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.