തിരുവനന്തപുരം: കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടതെന്നും അതില്‍ നിന്ന് തടിയൂരാനുള്ള ശ്രമമാണ് ഡല്‍ഹി സമരമെന്നും സതീശന്‍ ആരോപിച്ചു. കര്‍ണാടക സര്‍ക്കാര്‍ നടത്തുന്നത് വേറെ സമരമാണ്. അതിനെ കേരളത്തിലെ കോണ്‍ഗ്രസ് പിന്തുണക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
57,800 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച കണക്കാണ്. ഇത് ഞങ്ങള്‍ പൊളിച്ചതാണ്. നികുതി പിരിവിലുണ്ടായ പരാജയവും ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് രൂക്ഷമായ ധനപ്രതിസന്ധിക്ക് കാരണം. ഒരുപാട് കാര്യങ്ങളില്‍ ഒന്നാണ് കേന്ദ്ര അവഗണന. പെന്‍ഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാരാണ്. അഞ്ച് മാസമായി പെന്‍ഷന്‍ കൊടുത്തിട്ടില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. എന്നിട്ട് വീണ്ടും കടമെടുക്കണമെന്ന് പറഞ്ഞാണ് പോകുന്നത്. ഇങ്ങനെ കടമെടുത്താല്‍ എവിടെ പോയി നില്‍ക്കും കേരളം. ഇത്രയും രൂക്ഷമായ ധനപ്രതിസന്ധിയിലേക്കാണ് കേരളത്തെ തള്ളിയിട്ടിരിക്കുന്നത്. തിരുത്താന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടുണ്ട്, ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അപ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ എല്ലാ കുഴപ്പത്തിലേക്കും ചെന്ന് ചാടി. അവസാനം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സമരം നടത്തുന്നു’, വി ഡി സതീശന്‍ വിമര്‍ശിച്ചു.
കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ രാത്രിയാകുമ്പോള്‍ പിണറായിയുമായി സംസാരിക്കാറുണ്ടെന്നും സതീശന്‍ ആരോപിച്ചു. കേന്ദ്രവും കേരളവും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഇടനിലക്കാരനാണ് മുരളീധരന്‍. സുരേന്ദ്രനെതിരായ കേസിന്റെ ഒത്തുതീര്‍പ്പും മുരളീധരന്‍ നടത്തി. ഇവര്‍ ഒരുമിച്ചാണ് മത്സരിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. ലൈഫ് മിഷന്റെ അന്വേഷണത്തെ കുറിച്ച് മുരളീധരന് എന്തെങ്കിലും പറയാനുണ്ടോ? മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം. എട്ട് മാസം എന്തിനാണ് എസ്എഫ്‌ഐഒ അന്വേഷിക്കുന്നത്? കരുവന്നൂര്‍ കേസും ഇഴഞ്ഞുനീങ്ങുകയാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.