
കരിവെള്ളൂർ : കനലാടികളുടെ കഥ പറഞ്ഞ് പാലക്കുന്ന് പാഠശാലയിൽ വായനായനത്തിന് സമാപനം. അഞ്ചുമാസമായി അറുപതിലധികം വീട്ടുമുറ്റങ്ങളിൽ വായനയുടെ വസന്തകാലമൊരുക്കിയ വായനായനം പരിപാടിയുടെ ഭാഗമായി ഇ.പി. രാജഗോപാലൻ, അംബികാസുതൻ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം,പി.വി. ഷാജികുമാർ, ടി.പി. വേണുഗോപാലൻ, സി.എം. വിനയചന്ദ്രൻ,മാധവൻ പുറച്ചേരി,പി.കെ. സുരേഷ് കുമാർ, ജിൻഷ ഗംഗ, ഡോ. വത്സൻ പിലിക്കോട്, കെ.എൻ. പ്രശാന്ത്,സുരേന്ദ്രൻ കാടങ്കോട് ഉപേന്ദ്രൻ മടിക്കൈ, ഡോ. വത്സൻ പിലിക്കോട്, വി.വി. പ്രഭാകരൻ , പ്രകാശൻ കരിവെള്ളൂർ,ബാലചന്ദ്രൻ എരവിൽ , ഡോ. എം.ബാലൻ, രാജേഷ് കടന്നപ്പള്ളി, അമ്പലത്തറ നാരായണൻ, വി.ഹരീഷ്, കൂക്കാനം റഹ് മാൻ ഉൾപ്പെടെ നാൽപ്പതിലധികം എഴുത്തുകാരാണ് വീട്ടുമുറ്റങ്ങളിൽ വായനക്കാരുമായി സംവദിക്കാനെത്തിയത്.സമാപന സമ്മേളനത്തിൽ കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. പ്രിൻസിപ്പാളും തെയ്യം കലാ ഗവേഷകനും മികച്ച ഫോട്ടോഗ്രാഫറുമായ കൊടക്കാട് ശംഭു മാസ്റ്ററുടെ ‘തെയ്യം കോലധാരികൾ ‘എന്ന പുസ്തകം അദ്ദേഹത്തിൻ്റെ സഹപ്രവർത്തകനും റിട്ട. പ്രിൻസിപ്പാളും പ്രഭാഷകനുമായ കെ.മാധവൻ മാസ്റ്റർ അവതരിപ്പിച്ചു.കൊടക്കാട് നെല്ലിയേരി മനയില്‍ ശംഭു നമ്പൂതിരി എന്ന കെമിസ്ട്രി അധ്യാപകന് ഫോട്ടോഗ്രഫി എന്നുവെച്ചാല്‍ ജീവനാണ്. എൺപതിൻ്റെ നിറവിൽ പ്രായത്തിൻ്റെ അവശതയിലും ശംഭു മാസ്റ്ററുടെ മനസ്സ് നിറയെ തെയ്യക്കാഴ്ചകളാണ്. 30 വര്‍ഷത്തിനിടെ ശംഭു മാഷ് തൻ്റെ ക്യാമറക്കണ്ണുകളില്‍ പകര്‍ത്തിയ ആയിരക്കണക്കിന് തെയ്യം ഭാവങ്ങളിൽ നിന്ന് തെരെഞ്ഞെടു ത്ത 32 കോലധാരികളെ കുറിച്ചുള്ള വിവരമാണ് പുസ്തകത്തിലെ പ്രതിപാദ്യം. വെറുമൊരു തെയ്യം ഫോട്ടോഗ്രാഫറെന്നതിനപ്പുറത്ത് വടക്കേ മലബാറില്‍ തെയ്യത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ സാധിക്കുന്ന ഗവേഷകനാണ് ശംഭു മാസ്റ്റര്‍ എന്ന് പുസ്തകം അവതരിപ്പിച്ചു കൊണ്ട് മാധവൻ മാസ്റ്റർ പറഞ്ഞു.
പെരുംചെണ്ടയുടെ ആസുര താളത്തിനനുസരിച്ച് കാവുകളിലും ക്ഷേത്രങ്ങളിലും നിറഞ്ഞാടുന്ന തെയ്യങ്ങളെ ഗവേഷണ കൗതു ത്തോടെ പകർത്തുന്നതിൽ പ്രായമോ ദൂരമോ സമയമോ ശംഭു മാസ്റ്റർക്ക് തടസ്സമാകാറില്ല. അദ്ദേഹം വ്യക്തമാക്കി.
പിഴക്കാത്ത നിഷ്ഠയും വ്രതവുമായി ശരീരവും ആത്മാവിനെയും ഒരുപോലെ ശുദ്ധമാക്കിയാണ് കനലാടികൾ തെയ്യക്കോലങ്ങളണിയുന്നതെന്ന് ഗ്രന്ഥകർത്താവ് കൊടക്കാട് ശംഭു മാസ്റ്റർ പറഞ്ഞു.സങ്കടങ്ങളും പരിവേദനങ്ങളും നിറഞ്ഞ മനസുമായി ഇഷ്ടദൈവങ്ങളുടെ മുന്നിലേക്ക് പ്രതീക്ഷയോടെയെത്തുന്ന ഭക്തജനങ്ങൾക്ക് വര രത്ന ഹസ്തങ്ങളിൽ കനക രത്നപ്പൊടി നൽകി എല്ലാത്തിനും ആശ്വാസം പകർന്ന് തെയ്യങ്ങൾ മൊഴി നൽകും, “ഗുണം വരണമേ…. “കനലാടികളെ പോലെ തെയ്യത്തെ തികഞ്ഞ നിഷ്ഠയോടെ കണ്ട അദ്ദേഹം പറഞ്ഞു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ മാഷിൻ്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയിൽ നൂറിലധികം പേർ പങ്കെടുത്തു. പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം വി.വി. ചന്ദ്രശേഖരൻ, എ. ഗോവിന്ദൻ, വി.വി. ഭാസ്ക്കരൻ , കെ.വിജയശ്രീ ,വി. ദാമോദരൻ മാസ്റ്റർ, മധു നെല്ലിയേരിതുടങ്ങിയവർ സംസാരിച്ചു.