
കണ്ണൂർ: സിപി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് സെക്രട്ടറിയായി കെ കെ രാജേഷിൻ്റെ പേര് നിർദ്ദേശിച്ചത്. സി പിഎം സംസ്ഥാന കമ്മിറ്റി അംഗമായ രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. രാജ്യസഭാംഗമായിരുന്ന രാഗേഷ് കണ്ണൂർ കാഞ്ഞിരോട് സ്വദേശിയാണ്.പാര്‍ലമെന്റിലെ മികച്ച പ്രവര്‍ത്തനത്തിന് പ്രൈം പോയിന്റ് ഫൗണ്ടേഷന്‍ നല്‍കുന്ന സൻസദ് രത്‌ന പുരസ്‌കാരത്തിന് 2021ൽ അർഹനായി.
എം വി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും യോഗം തെരഞ്ഞെടുത്തു. കെ കെ രാകേഷ്, എം സുരേന്ദ്രന്‍,കാരായി രാജന്‍, ടി കെ ഗോവിന്ദന്‍, പി വി ഗോപിനാഥ്, പി ഹരീന്ദ്രന്‍, പി പുരുഷോത്തമന്‍, ടി ഐ മധുസൂദനന്‍, എന്‍ സുകന്യ, കെ വി സുമേഷ്, സി സത്യപാലന്‍, എം
കരുണാകരന്‍ എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍. യോഗത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, കെ കെ ശൈലജ എന്നിവര്‍ പങ്കെടുത്തു. എം പ്രകാശന്‍ അധ്യക്ഷനായി. എം വി ജയരാജന്‍ സ്വാഗതം പറഞ്ഞു.
നിയമ ബിരുദധാരിയായ രാഗേഷ് കിസാൻ സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. ഡൽഹിയിൽ കർഷകസമരത്തിന്റെ മുന്നണി പോരാളിയായിരുന്നു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്,ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ഏക മലയാളിയാണ്. ഡോ. പ്രിയാ വർഗീസാണ് ഭാര്യ. വിദ്യാർഥികളായ ശാരിക, ചാരുത എന്നിവർ മക്കൾ.