”അത്തപ്പൂവേ ഞാനിടുന്നേന്‍..
അച്ചനമ്മ വാണീടുവാന്‍…….”
പൂവാംകുരുന്നുകള്‍ക്ക് നാവൂറുപാടുന്ന ഓണക്കാലത്തിന്റെ വരവറിയിച്ച് അത്തം
പിറന്നു. പൂവുകള്‍ കൊണ്ട് ചമയങ്ങളൊരുക്കി പ്രകൃതി. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂക്കള്‍ വിരിഞ്ഞുനിന്ന പഴയ നാളുകളുടെ ഓര്‍മ്മപൂക്കള്‍ വിരിയിക്കുന്ന പൊന്നോണം. അത്തം കഴിഞ്ഞ് പത്താം നാള്‍ പൊന്നിന്‍ തിരുവോണം.തൊടി നിറയെ പൂക്കള്‍,തേനുണ്ണാന്‍ ഓടി നടക്കുന്ന തുമ്പികള്‍. പൂക്കള്‍ പറിക്കാനും തുമ്പികളെ പിടിക്കാനും പരസ്പരം മത്സരിച്ച്, ആഹ്‌ളാദത്തോടെ തിമിര്‍ക്കുന്ന കുരുന്നുകള്‍ക്കുള്ള നാളുകളാണിനി. പുത്തനുടുപ്പിട്ട് പാറിനടക്കാന്‍ കുരുന്നുകള്‍ വെമ്പല്‍കൊളളുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് ഓണത്തപ്പനെ വരവേല്‍ക്കാനുളള തിമിര്‍പ്പാണ്. മഴത്തുളളികള്‍ ഇറ്റിറ്റുവീഴുന്ന നെല്‍കതിരുകള്‍ കുഞ്ഞി കൈകള്‍കൊണ്ട് മാടിയൊതുക്കി കുട്ടികള്‍ വയലേലകളിലേക്ക് പൂക്കള്‍ത്തേടിപ്പോകുന്ന കാഴ്ചകളാണിനി . ഇത് പ്രകൃതീ ദേവിക്കും ഉത്സവത്തിന്റെയും ആമോദത്തിന്റെയും പുണ്യകാലമാവുന്നു. ഓണക്കളികളും, ഓണപ്പാട്ടും, ഓണപ്പൂവിളികളും ഉയര്‍ന്നു പൊങ്ങാന്‍ തുടങ്ങിയിരിക്കുന്നു. കുടില്‍തൊട്ട് കൊട്ടാരം വരെയുളള വാസസ്ഥലങ്ങളുടെ തിരുമുറ്റങ്ങളില്‍ ഓണപ്പൂക്കളം തീര്‍ത്തും, കുറികൊണ്ട് കളം വരച്ചും ഓണത്തപ്പനെ വരവേല്‍ക്കാനുളള ഒരുക്കങ്ങളും തുടങ്ങുകയായി. തുമ്പപ്പൂവ്, കാക്കപ്പൂവ്,കോളാമ്പിപ്പൂവ്. ഓണത്തപ്പനെ എതിരേല്‍ക്കാന്‍ പൂക്കള്‍കൊണ്ടൊരു വര്‍ണ്ണക്കളമൊരുക്കുന്നത് മലയാളി മനസ്സിന്റെ ഓരത്ത് പഴമയുടെ പൊന്‍ പൂക്കളമായി തിളങ്ങിനില്‍ക്കുന്നുണ്ട്. ഉത്തര മലബാറിലെ വീട്ടു തൊടികളില്‍ ഹനുമാന്റെ കിരീടത്തിന്റെ സാന്നിധ്യംപോലെ ഹനുമാന്‍ കിരീടപുഷ്പം. കിളി തിന്നിപ്പൂവെന്നും ഇതിനെ വിളിക്കാറുണ്ട്. ശ്രാവണമാസങ്ങളില്‍ പൂക്കുന്ന വിശേഷപ്പെട്ട പൂവാണിത്. അടുക്കടുക്കായി പൂത്തുനില്‍ക്കുന്നഈ പൂവിന്റെ ഭംഗി അതിനെ പൂക്കളത്തിലെ സജീവ സാനിദ്ധ്യമാക്കിത്തീര്‍ക്കുന്നു. തേന്‍കിളികള്‍ ഓണക്കഥ പാടിയുയര്‍ത്തുന്ന പൂക്കളാണത്രെ ഇവ. കൈക്കുടന്ന നിറയെ പൂക്കളിറുത്ത് പൂക്കുടയില്‍ നിറയുമ്പോളും ഇനിയും ഒരുപാട് പൂക്കള്‍ നാളെയും വിരിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ വയല്‍ വരമ്പുകളിലും കൊയ്ത്തുകഴിഞ്ഞ വയലേലകളിലും തോട്ടിന്‍ കരയിലും പൂക്കള്‍ തേടി നടക്കുന്ന കുഞ്ഞുങ്ങളുടെ കൊച്ചു സംഘങ്ങള്‍. ഇറുത്തെടുക്കുന്ന പൂവുകള്‍ വാടാതിരിക്കാന്‍ ചെറുകുരിയകളിലും പ്‌ളാവിന്‍കൊട്ടകളിലും സൂക്ഷിച്ചുവെയ്ക്കാന്‍ തിരക്കുകൂട്ടുന്ന കാഴ്ചകള്‍ . തുമ്പപ്പൂവിന്റെ നിറ വിശുദ്ധിപോലെ മനസ്സും ശരീരവും ആഹ്‌ളാദംകൊണ്ട് നിറയുന്ന വര്‍ണ്ണ സ്വപ്നമാണ് ഓരോ ഓണക്കാലവും നമുക്ക് തരുന്നത്. കര്‍ക്കിടക മഴയുടെ അലറിപ്പെയ്യലില്‍ ഈറനായി നില്‍ക്കുന്ന പ്രകൃതിക്ക് കിട്ടുന്ന വരദാനമായി ഓരോ ഓണവും മാറുന്നു. പൂക്കളുടെ സമൃദ്ധി, ഭക്ഷണത്തിന്റെ സമൃദ്ധി, ഉണ്ണാനും ഉടുക്കാനും യഥേഷ്ടം .വിഭവസമൃദ്ധിയുടെ ഓണം. ഓണപ്പൂക്കളും, ഓണത്തുമ്പികളും ഈ സമൃദ്ധിയുടെ നാളുകളില്‍ വിരുന്നെത്തും. പോയ കാലത്തിന്റെ പൊന്നോണ സ്മൃതികളുണര്‍ത്തുന്ന തുമ്പിതുളളലും ഓണത്താറും ഓണപൊട്ടനും ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് അന്യമാണ്. നഷ്ടമായതെല്ലാം തിരിച്ചുകിട്ടില്ലെങ്കിലും പ്രകൃതിയിലേക്ക് മടങ്ങാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കയ്യടക്കിയ വയല്‍നിലങ്ങളുടെ ബാക്കിയിരിപ്പിലും ഏതാനും മുക്കുറ്റി പൂക്കള്‍ കുഞ്ഞുങ്ങള്‍ക്കായി വിരിഞ്ഞിരിക്കുന്നു. കാക്കപ്പൂവും ,കൃഷ്ണപ്പൂവും,തെച്ചിയും , തുമ്പപ്പൂവും പച്ചപ്പുകളില്‍ ചെറിയ തുരുത്തുകള്‍ തീര്‍ത്ത് ഒളിഞ്ഞുനോക്കുന്നുണ്ട്. ഓരോ ഓണക്കാലവും നമുക്ക് തരുന്നത് കളളവും ചതിയുമില്ലാത്ത ഒരു നല്ലകാലത്തിന്റെ പ്രകാശമുളള സ്മരണകളാണ്. ഇന്നത്തെ ഓണക്കാലം ബാല്യത്തിന്റെ കളിയരങ്ങിലെ തിമിര്‍പ്പാണ്. നല്ലതും ചീത്തയും തിരിച്ചറിഞ്ഞുളള മുന്നേറ്റങ്ങള്‍ക്ക് അരങ്ങൊരുക്കുകയാണ് മലയാളം.