
വെള്ളരിക്കുണ്ട്: സർക്കാരും സഹകരണ വകുപ്പും കേരള ബേങ്കും ചേർന്ന് കേരളത്തിലെ സഹകരണ മേഖലയെ തകർക്കുവാനുള്ള ഗവേഷണത്തിലേർപ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാർ കുറ്റപ്പെടുത്തി. കേരള ബേങ്ക് സ്വർഗരാജ്യം കൊണ്ടുവരുമെന്നു പറഞ്ഞവർ ആർ.ബി.ഐയുടെ കാലിനടിയിൽ തല വെച്ചു കൊടുത്ത അവസ്ഥയിലായിരിക്കുകയാണെന്ന് അസിനാർ തുടർന്ന് പറഞ്ഞു. കേരള ബേങ്ക് പ്രാഥമിക സംഘങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, സഹകരണ മേഖലയിലെ സർക്കാർ നയം തിരുത്തുക, മിസ് ലേനിയസ് സംഘങ്ങളോടുളള സർക്കാരിൻ്റേയും കേരള ബാങ്കിൻ്റെയും ചിറ്റമ്മ നയം അവസാനിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സഹകരണ ജനാധിപത്യ വേദി വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് കേരള ബേങ്ക് ശാഖയ്ക്ക് മുന്നിൽ നടന്ന സഹകാരി ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാർ. താലൂക്ക് ചെയർമാൻ എം.കെ മാധവൻ ആദ്ധ്യക്ഷം വഹിച്ചു. കൺവീനർ അഡ്വ. മാത്യുസെബാസ്റ്റ്യൻ, ഡി.സി.സി ഭാരവാഹികളായ പി.ജി.ദേവ്, ഹരീഷ് പി നായർ ടോമി പ്ലാച്ചേരി, സി. എം. പി ജില്ലാ സെക്രട്ടറി ടി.വി. ഉമേശൻ , ബ്ലോക്ക് പഞ്ചാത്ത് മെമ്പർ ഷോബി ജോസഫ് , മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ എം.പി ജോസഫ്, ജോർജ്കുട്ടി കരിമഠം, ബാലകൃഷ്ണൻ ബാലൂർ, മനോജ് തോമസ്, ബാങ്ക് പ്രസിഡൻ്റുമാരായ മാത്യു പടിഞ്ഞാറേൽ, പ്രഭാകരൻ കരിച്ചേരി, എൻ ഡി വിൻസെൻ്റ്, പി.സി തോമസ്, മുരളി പനങ്ങാട്, മിനി ഫ്രാൻസിസ്, ത്രേസ്യാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.