27 വർഷമായി താൻ ജോലി ചെയ്യുന്ന ആശുപത്രിയുടെ മുറ്റത്ത് വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്ക്രാറ്റസിൻ്റെ ശില്പം സ്ഥാപിക്കണമെന്ന ഒരു സർക്കാർ ഡോക്ടറുടെ ആഗ്രഹം സഫലമാവുകയാണ്. പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ കെ രമേശൻറെ ആഗ്രഹമാണ് പരിയാരം മെഡിക്കൽ കോളേജിന്റെ മുറ്റത്ത് യാഥാർത്ഥ്യമാകുന്നത്. ഡോക്ടർ നിർമ്മിച്ച ഹിപ്പോക്ക്രാറ്റസിൻ്റെ അർദ്ധകായ ശില്പം മാർച്ച് 16ന് വൈകിട്ട് വിശ്വശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. 2017 ക്ഷേത്രകല അക്കാദമി കുഞ്ഞിമംഗലത്ത് സംഘടിപ്പിച്ച ശില്പകലാ ക്യാമ്പാണ് ഡോക്ടർ രമേശന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ക്യാമ്പ് ഡയറക്ടറായിരുന്ന പ്രശസ്ത ശില്പി കെ കെ ആർ വെങ്ങരയാണ് ഡോക്ടറുടെ ഉള്ളിലെ ശില്പിയെ കണ്ടെത്തിയത്. തുടർന്ന് ഡോക്ടർ വെങ്ങരയുടെ ശിഷ്യനായി മാറി. വേങ്ങരയുടെ നിർദ്ദേശമാണ് വിരമിക്കുന്നതിന് മുമ്പ് ആശുപത്രിക്ക് മുന്നിൽ ഒരു ശില്പം നിർമ്മിക്കണമെന്ന പ്രേരണ ഡോക്ടറിൽ ഉണ്ടാക്കിയത്.രണ്ടാഴ്ച അവധിയെടുത്ത് തുടർച്ചയായും പിന്നീട് ഒഴിവുസമയങ്ങൾ ഉപയോഗപ്പെടുത്തിയും രണ്ടു മാസം കൊണ്ടാണ് ശിൽപം പൂർത്തിയാകുന്നത്. കലാകാരൻമാരായ ഷാജി മാടായി, നിധിൻ ഏഴോം, രതീഷ്, സജിത് എന്നിവരുടെ സഹായവും ഡോക്ടർക്ക് ലഭിച്ചു.സ്വന്തം കയ്യിൽ നിന്നും മൂന്നര ലക്ഷത്തോളം രൂപയാണ് ഇതിനായി ചിലവഴിച്ചത്.
ശില്പം കണ്ട കാനായി കുഞ്ഞിരാമൻ നൽകിയ പ്രശംസ തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്ന് ഡോക്ടർ പറയുന്നു.കോയമ്പത്തൂർ സെന്റ് തോമസ് പ്രൈമറി സ്‌കൂൾ, കമ്പിൽ മാപ്പിള ഹൈസ്‌കൂൾ, കണ്ണൂർ ശ്രീനാരായണ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ഡോ.രമേശന്റെ വിദ്യാഭ്യാസം.വിദ്യാർത്ഥിയായിരിക്കെ ക്‌ളേ മോഡലിംഗിലും ചിത്രരചനയിലും സജീവമായിരുന്ന ഇദ്ദേഹം 1981ലെ സംസ്ഥാന യുവജനോത്സവത്തിലും 1990,1991 വർഷങ്ങളിലെ കോഴിക്കോട് സർവകലാശാലാ കലോത്സവത്തിലും മെഡൽ നേടിയിട്ടുണ്ട്. 1995ൽ ട്യൂട്ടർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച രമേശൻ
മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘടനയായ ആംസ്റ്റ, സാംസ്‌കാരിക സംഘടനയായ ക്യാമ്പ് ,ഹീമോഫീലിയ സൊസൈറ്റി കണ്ണൂർ കാസർകോട് ജില്ലാ ചാപ്റ്റർ എന്നിവയുടെ പ്രസിഡന്റാണ്. മെഡിക്കൽ കോളേജിൽ കരിക്കുലം കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.