കാസര്‍കോട് ജില്ലയിൽ ആരോഗ്യ മേഖലയില്‍ വലിയ പ്രാധാന്യമുള്ള പദ്ധതികളാണ് സര്‍ക്കാര്‍നടപ്പിലാക്കുന്നതെന്നും ജില്ലയെ ആരോഗ്യമേഖലയില്‍ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും സംസ്ഥാന ആരോഗ്യ, വനിത – ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ചെങ്കള കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട കാത്ത് ലാബ് പദ്ധതി ജില്ലയില്‍ സാക്ഷാത്ക്കരിക്കുവാന്‍ സാധിച്ചു. ന്യൂറോളജിയുമായി ബന്ധപ്പെട്ട ചികിത്സ സംവിധാനങ്ങള്‍ ഒരുങ്ങി. കിഫ്ബിയിലൂടെ 168 കോടി രൂപ ചിലവഴിച്ച് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജില്ലയില്‍ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് പ്രവര്‍ത്തനം ആരംഭിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ആകെ 34 പദ്ധതികളാണ് ആരോഗ്യമേഖലയില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. 54 കോടി 86 ലക്ഷം രൂപയുടെ പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. വിവിധ ഘട്ടങ്ങളിലായി 88 കോടി രൂപയുടെ പദ്ധതികള്‍ നിര്‍മ്മാണം നടക്കുകയും ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം നയത്തിന്റെ ഭാഗമായി ആശുപത്രികളെ രോഗിസൗഹൃദവും ജനസൗഹൃദവുമാക്കുന്ന വലിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ജില്ലയിലെ എട്ട് ആശുപത്രികളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. തൈക്കടപ്പുറം കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .
എം. രാജഗോപാലൻ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത,വൈസ് ചെയർമാർ പി.പി.മഹമ്മദ് റാഫി സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ടി.പി. ലത, വി. ഗൗരി, കൗൺസിലർമാരായ അൻവർ സാദിഖ്, പി.മോഹനൻ, ഷിബ, ജയശ്രീ, മുസ്ലിം ലീഗ് നേതാവ് അഡ്വ.കെ.പി. നസീർ തുടങ്ങിയവർ സംബന്ധിച്ചു.