നീലേശ്വരം: നീലേശ്വരത്തിന്റെ ചിരകാല സ്വപ്നമായ കച്ചേരി കടവ് പാലം യാഥാർഥ്യമാകുന്നു. പാലത്തിന്റെ നിർമ്മാണ പ്രവർത്തി മാർച്ച് 11ന് രാവിലെ 11 30ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് എം. രാജഗോപാലൻ എംഎൽഎ അറിയിച്ചു.
കച്ചേരികടവ് പാലത്തിന്റെ നിർമ്മാണത്തിനും രാജാറോഡ് നവീകരണത്തിനുമായി 2017-18 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലാണ് 40 കോടി രൂപ വകയിരുത്തിയത്. പാലത്തിന്റെ ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾ, ഡിസൈന്‍ , എസ്റ്റിമേറ്റും, മറ്റ് അനുബന്ധ രേഖകൾ കൂടി ഉൾപ്പെടുത്തി വിശദ പദ്ധതി റിപ്പോർട്ട് സാമ്പത്തികാനുമതി ലഭിക്കുന്നതിനായി പിഡബ്ല്യുഡി ബ്രിഡ്ജസ് ഡിവിഷൻ കണ്ണൂരിന്റെ കീഴിൽ പൂർത്തീകരിച്ച് കിഫ്ബിക്ക് സമർപ്പിച്ചു.
അംഗീകാരത്തിനായി സമർപ്പിച്ച പദ്ധതി റിപ്പോർട്ട് കിഫ്ബി പരിശോധിക്കുകയും കിഫ്ബി മാതൃകയിലുള്ള വിശദമായ പദ്ധതി രൂപരേഖ പുതുക്കി സമർപ്പിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പാലത്തിന്റെ നിർമ്മാണ മേൽനോട്ടം കെ ആര്‍ എഫ് ബി കാസർകോട് ഡിവിഷൻ ഏറ്റെടുക്കുകയും, നിർദ്ദേശിച്ച മാതൃകയിലുള്ള വിശദ പദ്ധതി രൂപരേഖ തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തു. തുടർന്ന് 2022 ഓഗസ്റ്റ് 21ന് പദ്ധതിക്ക് 21.8 കോടിയുടെ സാമ്പത്തിക അനുമതിയും, 2003 മാർച്ചിൽ 23.28 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ചു.കച്ചേരി കടവ് പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഉടമകള്‍ സ്വമേധയാ വിട്ടുനൽകിയതുകൊണ്ടാണ് ഈ പ്രവർത്തി ആദ്യം ആരംഭിക്കാൻ കഴിഞ്ഞതെന്ന് എംഎൽഎ പറഞ്ഞു.
പാലത്തിന് 7.5 മീറ്റർ മുതൽ 8.5 മീറ്റർ വരെ വീതിയോടു കൂടിയ ക്യാരേജ് വേയും, ഇരുഭാഗങ്ങളിലുമായി 1.5 മീറ്റർ മുതൽ 2 മീറ്റർ വരെ വീതിയിലുള്ള നടപ്പാതയും ഉൾപ്പെടെ ആകെ 11 മീറ്റർ മുതൽ 12 മീറ്റർ വരെ വീതിയും ഉണ്ട്. പൈൽ ഫൗണ്ടേഷനും 15 ബിയറുകളും ഉൾപ്പെടുന്ന സബ്സ്ട്രക്ചറാണ് രൂപരേഖയിൽ വിഭാവനം ചെയ്തിട്ടുള്ളത്. 9 സ്പാനുകൾ ഉള്ള പാലത്തിന്റെ രാജാറോഡ് ഭാഗത്തേക്ക് വരുന്ന രണ്ട് സ്പാനുകൾ പ്രീസ്ട്രെസ്സ്ഡ് ഗർഡറുകളും, പുഴയ്ക്ക് പുറകെ വരുന്ന ഭാഗം ബൌസ്ട്രിംഗ് രീതിയിലും, കരഭാഗത്ത് വരുന്ന ശേഷിക്കുന്ന 6 സ്പാനുകൾ സോളിഡ് സ്ലാബുകളും ആണ് നൽകിയിരിക്കുന്നത്.
പാലം നിർമ്മാണത്തോടൊപ്പം രാജാറോഡ് ഭാഗത്തേക്ക് 192 മീറ്ററും കാഞ്ഞങ്ങാട് ഭാഗത്തേക്ക് 292 മീറ്ററും പുതുതായി നിർമ്മിച്ച നീലേശ്വരം മുനിസിപ്പാലിറ്റി കെട്ടിടത്തിലേക്ക് 50 മീറ്ററും ഉള്‍പ്പെടെ ആകെ 534 മീറ്റർ സമീപന റോഡും നിർമ്മിക്കും. കാഞ്ഞങ്ങാട് നീലേശ്വരം ടൗണുകളെ ആശ്രയിക്കുന്ന മലയോര നിവാസികളുടെയും നീലേശ്വരം നിവാസികളുടെയും ചിരകാല അഭിലാഷമാണ് പാലം യാഥാർത്ഥ്യമാകുന്നതോടെ പൂവണിയാൻ പോകുന്നതെന്ന് എംഎല്‍എ അറിയിച്ചു.