
യുവ തലമുറയിലാണ് ഈ നാടിന്റെ പ്രതീക്ഷയെന്ന് പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട്.ലഹരിയുടെ വ്യാപനവും അക്രമപ്രവർത്തികളും പുതു തലമുറയിലെ ഒരു വിഭാഗത്തെ വലിയ വിപത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആലന്തട്ട എ.യു.പി സ്ക്കൂളിൽ ദ്വിദിന സാഹിത്യ ക്യാമ്പിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനയും സാംസ്കാരിക രംഗത്തിന്റെ വളർച്ചയും നാടിനെ വലിയ മാറ്റത്തിലേക്ക് നയിക്കാൻ പര്യാപ്തമാണ്.
ചിന്താശേഷിയുള്ള തലമുറയ്ക്ക് മാത്രമേ നാടിന്റെ പരിവർത്തനത്തെ സഹായിക്കാനാവു.
അംബികാസുതൻ മാങ്ങാട് പറഞ്ഞു. കയ്യൂർ മൊടോം തടം യങ് സ്റ്റാർ ആർട്സ് ആന്റ് സ്പോർട്‌സ് ക്ലബ്ബും ആലന്തട്ട ഇ.എം.എസ് വായനശാല ആന്റ് ഗ്രന്ഥാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
സുജിത്ത് കയ്യൂരിന്റെ നോക്കിയിരിക്കെ കവിതാ സമാഹാരം അംബികാസുതൻ മാങ്ങാട് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ.പി.പ്രഭാകരന് നൽകി പ്രകാശനം ചെയ്തു.
എ.എം ബാലകൃഷ്ണൻ രചിച്ച റൂട്ട് മാപ്പ് എന്ന കവിതാ സമാഹാരം പ്രശസ്ത കവിയും നോവലിസ്റ്റുമായ സോമൻ കടലൂർ മികച്ച വായനക്കാരി എ.വി. രമണിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
പ്രകാശൻ കരിവെള്ളൂർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ എ.എം. ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു.
ഇ എം എസ് ഗ്രന്ഥാലയ പരിധിയിലെ മികച്ച വായനക്കാരിയായ എ വി രമണിയെ ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ശ്രീമണി എം പി ഉപഹാരം നൽകി ആദരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ശ്രീനിവാസൻ വി.വി ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡണ്ട് വിജയരാജ് സി വി പ്രധാനാധ്യാപകൻ വിനോദ് കെ വി,പി.ടി.എ പ്രസിഡണ്ട് ജയജിത്ത് . ഐ , ശ്രീജിത്ത് സി.എച്ച്. ജയൻ കെ, വിനോദ് ആലന്തട്ട, സുജിത്ത് കയ്യൂർ തുടങ്ങിയവർ സംസാരിച്ചു.