നീലേശ്വരം പള്ളിക്കരയിലെ വീട്ടിൽ നിന്നും പട്ടാപ്പകൽ സ്വർണ്ണമാല കവർച്ച ചെയ്ത കേസിലെ കൂട്ടുപ്രതിയും അറസ്റ്റിൽ. കാസർകോട് വിദ്യാനഗർ പൊടുവടുക്കത്തെ അഹമ്മദ് അൻവറിനെ(22)യാണ് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ വി ഉമേഷന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്ഐ ടി. വിശാഖ് അറസ്റ്റ് ചെയ്തത്. പള്ളിക്കരയിൽ നിന്നും മോഷ്ടിച്ച സ്വർണത്തിന്റെ താലി അഹമ്മദ് അൻവറാണ് പൊയിനാച്ചിയിലെ ഒരു സ്വർണക്കടയിൽ വില്പന നടത്തിയത്. ഒന്നാംപ്രതി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സമീപത്തെ ഗാർഡർ വളപ്പിൽ പി എച്ച് ആസിഫിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണ മുതൽ വിൽപ്പന നടത്തിയത് അഹമ്മദ് അൻവർ ആണെന്ന് മൊഴി നൽകിയത്.
കഴിഞ്ഞ ചൊവ്വാഴ്ച പള്ളിക്കര സെന്റ് ആൻസ് യുപി സ്കൂളിന് സമീപത്തെ വ്യാപാരി മേലത്ത് സുകുമാരന്റെ വീട്ടിൽ നിന്നുമാണ് പട്ടാപ്പകൽ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്. എസ്ഐ മാരായ മധുസൂദനൻ മടിക്കൈ, രതീശൻ സീനിയർ പോലീസ് ഓഫീസർമാരായ ആനന്ദകൃഷ്ണൻ, പ്രഭേഷ് കുമാർ, അമൽ നീലേശ്വരം, സുമേഷ് മണിയാട്ട്, വനിതാ സിവിൽ പോലീസ് ഓഫീസർ സുപ്രിയ, ഡ്രൈവർമാരായ കുഞ്ഞി കൃഷ്ണൻ, പ്രദീപൻ, ജയേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.