യുവാക്കൾ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാറിനെ ഹോസ്ദുർഗ് പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലൂടെ കസ്റ്റഡിയിലെടുത്തു. ഇന്നലെ കാഞ്ഞങ്ങാട് സൗത്തിൽ വച്ച് ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയും യാത്രക്കാരായ രണ്ട് യുവാക്കളെ പരിക്കേൽപ്പിക്കുകയും ചെയ്ത കെ എൽ 60 ടി 3845 നമ്പർ കാറാണ് ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സിസിടിവി ഐടി വിദഗ്ധനായ സിവിൽ പോലീസ് ഓഫീസർ അജിത്തിന്റെ അന്വേഷണത്തിലൂടെ കണ്ടെത്താനായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ ചെറുവത്തൂരിലെ സജീഷിനും സുഹൃത്തിനുമാണ് പരിക്കേറ്റത്. അപകടമുണ്ടാക്കി നിർത്താതെ പോയ ഇരുപതോളം വാഹനങ്ങളെയാണ് ഇതിനകം സിസിടിവി പരിശോധനയിലൂടെ അജിത്ത് കണ്ടുപിടിച്ചത്.