kerala science congress
36-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി എട്ടു മുതല്‍ 11 വരെ കാസര്‍കോട് ഗവ.കോളേജില്‍ നടക്കും. ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ‘ ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം ‘ എന്നതാണ് 36-ാമത് കേരള സയന്‍സ് കോണ്‍ഗ്രസിന്റെ പ്രധാന വിഷയം. യുവഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംവദിക്കാനും അവരുടെ അറിവുകള്‍ പങ്കിടാനുമുള്ള വേദിയാണ് കേരള സയന്‍സ് കോണ്‍ഗ്രസ്. വിവിധ വിഷയങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങള്‍, മെമ്മോറിയല്‍ പ്രഭാഷണങ്ങള്‍ എന്നിവയും 12 വിഷയങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്ര പ്രബന്ധ / പോസ്റ്റര്‍ അവതരണങ്ങളും ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസ് വിജയികളായ ബാലശാസ്ത്രജ്ഞരുടെ പ്രബന്ധാവതരണങ്ങളും ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ശാസ്ത്രജ്ഞരുമായുള്ള സംവാദന പരിപാടിയും സ്‌കൂള്‍ കുട്ടികള്‍ക്കായി ‘ വാക്ക് വിത്ത് സയന്റിസ്റ്റ് ‘ എന്നിവയും ഉണ്ടായിരിക്കും. 424 യുവശാസ്ത്രജ്ഞര്‍ ഈ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കും. 362 ശാസ്ത്ര പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
രസതന്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാവ് (2022) പ്രൊഫ.മോര്‍ട്ടന്‍ മെല്‍ഡല്‍ 36-ാമത് ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രഭാഷണം നടത്തുകയും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്യും. മികച്ച യുവ ശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡ്, ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ എന്നിവയും സയന്‍സ് കോണ്‍ഗ്രസ് വേദിയില്‍ വിതരണം ചെയ്യും. ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവയുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സയന്‍സ് എക്‌സ്‌പോ സൗജന്യമായി സന്ദര്‍ശിക്കാം. ജില്ലയിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് മികച്ച ശാസ്ത്രീയ പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന യുവാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഭാഗമായി നല്‍കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ജല വിഭവ വികസന വിനിയോഗ കേന്ദ്രം (കെ.എസ്.സി.എസ്.ടി.ഇ – സി.ഡബ്ല്യു.ആര്‍.ഡി.എം), കാസര്‍കോട് ഗവ.കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പ്രൊഫ.കെ.പി സുധീറാണ് 36-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രസിഡണ്ട്. ഡോ.സൗമ്യ സ്വാമിനാഥന്‍ ചെയര്‍പേഴ്‌സണും ഡോ.എസ്.പ്രദീപ് കുമാര്‍ ജനറല്‍ കണ്‍വീനറും, ഡോ.മനോജ് പി സാമുവല്‍ സംഘാടക സമിതി കണ്‍വീനറുമായുള്ള സംഘാടകസമിതിയും 12 വിവിധ സബ് കമ്മിറ്റികളും ശാസ്ത്ര കോണ്‍ഗ്രസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.