
കരിന്തളം:ആയിരങ്ങൾക്ക് അക്ഷരാമൃതം പകർന്നേകി വിദ്യാലയത്തിൽ നിന്നും പിരിഞ്ഞ് പോയ ഗുരുനാഥൻമാർ ഒരിക്കൽ കൂടി ആ വിദ്യാലയ മുറ്റത്ത് ഒത്ത് ചേർന്നു. കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൻ്റെ വാർഷികാഘോഷവും പ്രധാന അധ്യാപകൻ കെ ജോളി ജോർജ്ജിനുള്ള യാത്രയയപ്പും ഏപ്രിൽ 3 ന് നടക്കുന്നു. അതിനോടനുബന്ധിച്ച് സ്ക്കൂളിൽ സംഘടിപ്പിച്ച പൂർവ്വ അധ്യാപക സംഗമത്തിലാണ് സ്ക്കൂളിൽ നിന്ന് പിരിഞ്ഞ് പോയ അധ്യാപകർ വീണ്ടും ഒത്ത് ചേർന്നത്. ഒരു വട്ടം കൂടി പഴയ വിദ്യാലയ മുറ്റത്ത് ഒത്ത് ചേരുവാൻ കഴിഞ്ഞതിൻ്റെ സന്തോഷവും ആദ്യകാല അനുഭവം പങ്ക് വെച്ചും പഴയ കാല ഓർമ്മകൾ പുതുതലമുറയ്ക്ക് പകർന്ന് നൽകിയുമാണ് അവർ പിരിഞ്ഞ് പോയത്. സ്നേഹ സംഗമം ചിറ്റാരിക്കാൽ എ ഇ ഒ . പി പി രത്നതാകരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ ജോളി ജോർജ്ജ് മോഡറേറ്ററായി.എം പി ടി എ പ്രസിഡൻ്റ് സിന്ധു വിജയകുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് വാസു കരിന്തളം, സ്റ്റാഫ് സെക്രട്ടറി കെ പി ബൈജു എന്നിവ സംസാരിച്ചു. സിനിയർ അസിസ്റ്റ് കെ വി ഇന്ദുലേഖ സ്വാഗതവും എസ് ആർ ജി കൺവീനർ കെ രജനി നന്ദിയും പറഞ്ഞു.