പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു സ്വർണം കവർന്ന പ്രതി പിടിയിലായതായി സൂചന. സമാനമായ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയെടുത്തതായി അറിയുന്നത്. ഇന്നലെ രാത്രിയോടെ ബന്ധുവീട്ടിൽ വെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയെടുത്തതെന്നാണ് വിവരം. കണ്ണൂർ ഡി ഐ ജി തോംസൺ ടോമിനെ നിർദ്ദേശപ്രകാരം കാസർകോട് എസ് പി പി ബിജോയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. ഡിവൈഎസ്പി മാരായ പി ബാലകൃഷ്ണൻ നായർ സി കെ സുനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ട്. 26 പോലീസുകാർ നാല് സംഘങ്ങളെ തിരഞ്ഞെടുത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലില്‍ നിന്ന് എടുത്തുകൊണ്ടുപോയത് . കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാന്‍ വാതില്‍ തുറന്ന് തൊഴുത്തില്‍ പോയ സമയത്താണ് അക്രമി വീടിന് അകത്ത് കയറിയത്. ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റര്‍ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. സ്വര്‍ണ്ണ കമ്മലുകള്‍ കവര്‍ന്നു. അതിന് ശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.